ജിദ്ദ: ഹ്രസ്വസന്ദർശനാർഥം സൗദിയിലെത്തിയ ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫതഹ് അൽസീസി റിയാദിലൊരുക്കിയ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം സന്ദർശിച്ചു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനൊപ്പമാണ് അൽസീസി മേളനഗരിയിലെത്തിയത്. സൈനിക, പ്രതിരോധ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രദർശന സ്റ്റാളുകളും സൈനിക ഉപകരണങ്ങളും യന്ത്രസംവിധാനങ്ങളും പുതിയ സാങ്കേതികവിദ്യകളും ഇരുവരും വീക്ഷിച്ചു.
സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ, പ്രതിരോധ ഉപമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, സ്റ്റേറ്റ് മന്ത്രി ഡോ. ഇസ്സാം ബിൻ സഅദ്, മിലിട്ടറി ഇൻഡസ്ട്രീസ് ജനറൽ അതോറിറ്റി ഗവർണർ എൻജി. അഹമദ് ബിൻ അബ്ദുൽ അസീസ് അൽ ഔഹലി, ഈജിപ്ഷ്യൻ പ്രസിഡൻറിനോടൊപ്പമെത്തിയ പ്രതിനിധി സംഘം തുടങ്ങി വലിയൊരു നിരയും ഇരുവരെയും അനുഗമിച്ച് പ്രദർശന നഗരിയിലെത്തിയിരുന്നു.
റിയാദ്: അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദറും റിയാദിൽ പ്രതിരോധമേള സന്ദർശിച്ചു.
പ്രദർശന നഗരിയിലെത്തിയ അംബാസഡർ വിവിധ പവിലിയനുകൾ കണ്ടു. അതിർത്തിസുരക്ഷക്കു പുറമെ സുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങളെ എല്ലാ രൂപത്തിലും നേരിടുന്നതിനും നഗരങ്ങളെ സുരക്ഷിതമാക്കാനും ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ ഏറ്റവും നൂതന പരിഹാര ഉപാധികൾ റീമ ബിൻത് ബന്ദർ വിശദമായിതന്നെ കണ്ടു.
ആഭ്യന്തര മന്ത്രാലയം സുരക്ഷാശേഷി അണ്ടർ സെക്രട്ടറി എൻജി. അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽറബീഅ അംബാസഡറെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.