റിയാദ്: ദീർഘകാലം റിയാദിൽ പ്രവാസിയും സാമൂഹിക പ്രവർത്തകയുമായിരുന്ന മലയാളി യുവതി നാട്ടിൽ മരിച്ചു. പ്രവാസി സാംസ്കാരിക വേദി റിയാദ് വെസ്റ്റ് മേഖല മുൻ വൈസ് പ്രസിഡൻറും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സൈനുൽ ആബിദീെൻറ പത്നിയുമായ മലപ്പുറം വഴിക്കടവ് സ്വദേശി ഉമൈവ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. 25 വർഷം റിയാദിൽ ഭർത്താവും മക്കളുമായി കഴിഞ്ഞ ഉമൈവ കഴിഞ്ഞ വർഷമാണ് നാട്ടിൽ പോയത്. അവിടെവെച്ച് അസുഖ ബാധിതയായ അവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
റിയാദിൽ നിരവധി സംഘടനകളിലെ സജീവ സാന്നിധ്യവുമായിരുന്നു അവർ. സിജി മദേഴ്സ് ഗ്രൂപ് ട്രഷറർ, എം.ഇ.എസ് ട്രഷറർ, റിയാദ് വഴിക്കടവ് അസോസിയേഷൻ (റിവ) എക്സിക്യൂട്ടിവ് അംഗം, പ്രവാസി ശിഫ യൂനിറ്റ് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ അവർ പ്രവർത്തിച്ചിരുന്നു. നിതാഖാത് കാലത്ത് ഇന്ത്യൻ എംബസി വളൻറിയറായും പ്രവർത്തിച്ചു.
ഹാജറ, ഹസീന, സഈദ്, ഹബീബ, ഹാദിയ എന്നിവർ മക്കളാണ്. മൂത്തമകൾ വിവാഹിതയാണ്. ഭർത്താവ് ജിദ്ദയിൽ. ഉമൈവയുടെ നിര്യാണത്തിൽ പ്രവാസി സാംസ്കാരിക വേദി റിയാദ് സെക്രേട്ടറിയറ്റ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മാതൃകയായ ഒരു പ്രവർത്തകയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രസിഡൻറ് സാജു ജോർജ് പറഞ്ഞു. സിജി റിയാദ് ചാപ്റ്റർ പ്രസിഡൻറ് റഷീദ് അലി കൊയിലാണ്ടിയും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.