ദമ്മാം: രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈകോടതി വിധി നിരാശജനകമെന്ന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ കോടതിയിൽനിന്നും മറിച്ചൊരു വിധി പ്രതീക്ഷിക്കാഞ്ഞതിനാൽ രാഹുൽ ഗാന്ധിയുടെ പ്രതീക്ഷ സുപ്രീംകോടതിയിലാണ്. നീതിബോധമുള്ള ഒരു ജഡ്ജിക്കും രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളാൻ കഴിയില്ലെന്ന് കമ്മിറ്റി അവകാശപ്പെട്ടു.
അദാനിയും മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് രാഹുൽ ഗാന്ധി പാർലമെൻറിൽ ചോദ്യങ്ങൾ ചോദിച്ചതിനെത്തുടർന്നാണ് ഏതുവിധേനയും രാഹുൽ ഗാന്ധിയുടെ നാവടപ്പിക്കാനുള്ള കുറുക്കുവഴികൾ മോദിയും സംഘ്പരിവാറും തേടിയത്. ഇന്ത്യയുടെ പൊതുമുതൽ അദാനിക്ക് തീറെഴുതിക്കൊടുക്കുന്നത് അംഗീകരിക്കാനാവില്ല.
സാധാരണക്കാരായ ജനങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി ചോദിച്ചത്. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുന്ന മിക്കയാളുകളുടെയും പേരിനൊപ്പം മോദിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഒരു സമുദായത്തെയും അവഹേളിക്കാനല്ലെന്ന് പകൽപോലെ വ്യക്തമാണ്.
കേവലം ഒരു പേര് എന്നതിനപ്പുറം അതിനെ സമുദായമായി ചിത്രീകരിച്ച മോദിയുടെ നടപടി അപഹാസ്യമാണെന്നും ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വർഗീയ, ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖാപിക്കുന്നതായി ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.