നൈജീരിയയിൽനിന്നാണ് ആദ്യ സംഘം
ജിദ്ദ: വിദേശത്തുനിന്നുള്ള ആദ്യ ഉംറ സംഘം വെള്ളിയാഴ്ച പുണ്യഭൂമിയിലെത്തും.
ഹജ്ജ്-ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽഉമൈരിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് നൈജീരിയയിൽനിന്നുള്ള സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തുമെന്ന് ഹാനി അൽ ഉമൈരി പറഞ്ഞു. വിദേശത്തുനിന്നുള്ള തീർഥാടകരെ വിമാനത്താവളങ്ങളിൽ സ്വീകരിക്കാനും പിന്നീട് മക്കയിലെ ഹോട്ടലുകളിൽ എത്തിക്കാനും ഉംറ കർമങ്ങൾക്ക് മേൽനോട്ടം വഹിക്കാനുമുള്ള എല്ലാ ഒരുക്കങ്ങളും ഉംറ സേവന കമ്പനികൾ നേരത്തേ പൂർത്തിയാക്കിയിട്ടുണ്ട്. ഇഅ്തമർന ആപ്ലിക്കേഷൻ വഴിയാണ് ഉംറക്കുള്ള സമയം തെരഞ്ഞെടുക്കുക. മക്കയിലും മദീനയിലും ഒാരോ സംഘത്തിനും സേവനത്തിനായി ഉംറ കമ്പനികളുടെ പരിശീലനം നേടിയ ആളുകളുണ്ടാകും.
ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ തീർഥാടകർക്ക് വിമാനയാത്ര, ഗതാഗതം, ഹോട്ടലുകൾ, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള മുഴുവൻ പാക്കേജുകളും വാങ്ങാമെന്നും സേവനങ്ങൾക്ക് ഉംറ കമ്പനിയെ തെരഞ്ഞെടുക്കാവുന്നതുമാണ്. എല്ലാ സേവനങ്ങളും പാക്കേജുകളും ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും. സൗദി ഹജ്ജ് ഉംറ മന്ത്രാലയം അംഗീകരിച്ച ആഗോള, പ്രാദേശിക ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെ ഇത് ലഭ്യമാകും. സൗദി ഉംറ കമ്പനികളായിരിക്കും ഭവന, ഗതാഗത, ഗ്രൗണ്ട് സർവിസ് പാക്കേജുകളും നൽകുകയെന്നും ഹജ്ജ്-ഉംറ ദേശീയ കമ്മിറ്റി അംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.