റിയാദ്: ആഡംബര ഹോട്ടലുകൾ ഉൾപ്പെടെ ആതിഥേയ വ്യവസായ മേഖലയിലേക്കുള്ള ആധുനിക ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തി 'ദ ഹോട്ടൽ ഷോ' എന്ന പേരിൽ റിയാദ് ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടന്ന പ്രദർശന മേള സമാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച മേള വ്യാഴാഴ്ച രാത്രി 10ഓടെയാണ് അവസാനിച്ചത്. 20ലേറെ രാജ്യങ്ങളിൽനിന്നായി 250ലധികം പ്രദർശന പവിലിയനുകളും 15,000 ഹോട്ടൽ മേഖലയിലെ വ്യാപാരസ്ഥാപനങ്ങളും മേളയിൽ പങ്കെടുത്തു. ഹോസ്പിറ്റാലിറ്റി രംഗത്ത് സൗദിയിൽ നടന്ന ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നാണ് റിയാദിലെ ഈ മേള.
അത്യാഡംബര ഹോട്ടലുകൾ, പഞ്ചനക്ഷത്ര ആശുപത്രികൾ തുടങ്ങി ചെറുതും വലുതുമായ സ്ഥാപനങ്ങൾ നിർമിക്കുന്നതിന് മാർഗനിർദേശം നൽകുന്ന കെട്ടിട നിർമാണ കമ്പനികളും കെട്ടിടത്തിന് അകത്തും പുറത്തുമുള്ള നൂതനവും ക്രിയാത്മകവുമായ ഡിസൈനുകൾ ചെയ്യുന്ന ആർക്കിടെക്ടുകളും ഉൾപ്പെടെ വിവിധ മേഖലയിലെ വിദഗ്ധർ മേളയിലെത്തി ആശയങ്ങൾ പങ്കുവെച്ചു. വിഖ്യാത ഷെഫുമാരുടെ ലൈവ് പാചകവും അടുക്കള ഉപകരണങ്ങളുടെ കലാപരമായ ഉപയോഗരീതിയും മേളക്ക് മാറ്റുകൂട്ടി. വിദഗ്ധർ പങ്കെടുത്ത് സംസാരിച്ച സെമിനാറുകളും ബിസിനസ് മീറ്റുകളും പ്രദർശന നഗരിയിൽ മൂല്യവത്തായിരുന്നെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സേവനങ്ങളെ എളുപ്പമാക്കാൻ നൂതന സാങ്കേതികവിദ്യകൾ തേടിയെത്തിയവരായിരുന്നു ബഹുഭൂരിപക്ഷവും. ഭക്ഷണം വിതരണം ചെയ്യുന്നതിനും കവാടത്തിൽ അതിഥികളെ സ്വീകരിക്കാനും ഉപയോഗിക്കുന്ന റോബോട്ടുകൾ, ഏറ്റവും പുതിയ പാചക മെഷീനുകൾ, വിവിധതരം സോഫ്റ്റ്‌വെയറുകൾ തുടങ്ങി ടെക്നോളജി രംഗത്ത് ഇന്നുവരെയുള്ള മാറ്റങ്ങൾ എങ്ങനെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉപയോഗപ്പെടുത്താം എന്ന ആശയം സ്വായത്തമാക്കിയാണ് സന്ദർശകർ മേള വിട്ടത്. ആയിരക്കണക്കിന് സന്ദർശകരെത്തിയ മേള സൗദിയിലെ സംരംഭക നയത്തിലുണ്ടായ മാറ്റത്തിന്റെ പ്രതിഫലനം കൂടിയാണ്.
ഹോട്ടലും ആശുപത്രിയും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജി.സി.സിയിൽനിന്നും മറ്റു വിദേശരാജ്യങ്ങളിൽനിന്നും നിക്ഷേപകർ സൗദിയിലേക്ക് എത്തുന്നതിന്റെ സൂചനകൂടിയായിരുന്നു പ്രദർശന ഹാളിലെ വിദേശ സംരംഭകരുടെ പങ്കാളിത്തം. സൗദിയിൽ ഇല്ലാത്ത എന്നാൽ മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള ഹോട്ടൽ, ആശുപത്രി ചെയിനുകൾ സൗദിയിൽ സംരംഭകത്വത്തിന് തയാറെടുക്കുന്നതായി സൂചനയുണ്ട്. യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ആശുപത്രി ഗ്രൂപ് ഇതിനകം സൗദിയിൽ നിക്ഷേപത്തിന് കരാർ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.