ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന 'ഡോക്ടേഴ്‌സ് ദിനാ'ചരണ ചടങ്ങിൽ എസ്.ഐ.എച്ച്.എഫ് ജിദ്ദ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. എം.എസ് കരീമുദ്ദീനെ ആദരിക്കുന്നു.

ഇന്ത്യൻ കോൺസുലേറ്റ് 'ഡോക്ടേഴ്‌സ് ദിനം' ആചരിച്ചു

ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിൽ 'ഡോക്ടേഴ്‌സ് ദിനം' ആചരിച്ചു. ഇന്ത്യൻ ഡോക്ടർമാരെ ബഹുമാനിക്കുന്നതിനും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നതിനുമായി എല്ലാ വർഷവും ജൂലൈ ഒന്നിന് കോൺസുലേറ്റ് ദേശീയ ഡോക്ടേഴ്‌സ് ദിനം ആചരിക്കാറുണ്ടെന്ന് കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ വൈദ്യകനും പശ്ചിമ ബംഗാൾ രണ്ടാം മുഖ്യമന്ത്രിയുമായ ഡോ. ബിദാൻ ചന്ദ്ര റോയി ജനിച്ചതും മരിച്ചതുമായ അനുസ്മരണ ദിനമായിട്ടുംകൂടിയാണ് കോൺസുലേറ്റ് ഡോക്ടേഴ്‌സ് ദിനം ആചരിച്ചത്.

കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സ്തുത്യർഹ സേവനം ചെയ്ത ലോകത്താകെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം നന്ദി അറിയിച്ചു. കഠിനാധ്വാനികളായ ഇന്ത്യൻ ആരോഗ്യ പരിപാലകരെയും സംരംഭകരെയും നന്നായി പരിപാലിച്ചതിന് അദ്ദേഹം സൗദി അറേബ്യക്കും നന്ദി പറഞ്ഞു. സൗദിയിലെ ഇന്ത്യൻ ഹെൽത്ത് കെയർ പ്രൊഫഷണലുകളുമായി ഇടപഴകിയതിന്റെ അനുഭവത്തെക്കുറിച്ച് സൗദി-ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം (എസ്.ഐ.എച്ച്.എഫ്) ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് ഡോ. അഷ്‌റഫ് അബ്ദുൽ ഖയൂം അമീർ സംസാരിച്ചു. ആരോഗ്യമേഖലയിൽ ഇന്ത്യ-സൗദി സഹകരണത്തിന് സാധ്യമായ മേഖലകളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ആഗോള വാക്സിൻ ഉൽപാദനത്തിന്റെ 50 ശതമാനത്തിലധികം സംഭാവന ചെയ്ത ഇന്ത്യൻ ഹെൽത്ത് കെയർ പ്രൊഫഷണലിന്റെയും ഇന്ത്യൻ ഫാർമസിയുടെയും സംഭാവനയെക്കുറിച്ചും കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചും എസ്.ഐ.എച്ച്.എഫ് ജനറൽ സെക്രട്ടറി ഡോ. ഇക്ബാൽ മുസാനി സംസാരിച്ചു.

ചടങ്ങിൽ സംബന്ധിച്ചവർ

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ആരോഗ്യസംരക്ഷണ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകിയതിന് എസ്.ഐ.എച്ച്.എഫ് ജിദ്ദ ചാപ്റ്റർ വൈസ് പ്രസിഡന്റും ജിദ്ദയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖ അംഗവുമായ ഡോ.എം.എസ് കരീമുദ്ദീനെ ചടങ്ങിൽ ആദരിച്ചു. ഡോ. കരിമുദ്ദീനുമൊത്ത് പ്രവർത്തിച്ചതിന്റെ ഓർമകൾ ഹമീദ് മുത്തബഗ്ഗാനി ഹോസ്പിറ്റൽസ് ചെയർമാനും സി.ഇ.ഒയുമായ ഖാലിദ് മുത്തബഗ്ഗാനി പങ്കുവെച്ചു.

75 വർഷം പിന്നിട്ട ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെയും ഇന്ത്യ-സൗദി നയതന്ത്ര ബന്ധത്തിന്റെയും വിവിധ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് 'ഡോക്ടേഴ്‌സ് ദിനം' ആചരിച്ചത്.

Tags:    
News Summary - The Indian Consulate celebrated Doctor's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.