മക്ക: പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെ ഓരോ ദിനവും വിശ്വാസികൾക്കായി സമ്മാനവും നേടാനുള്ള അപൂർവ്വ സുവർണാവസരം ഒരുക്കിയിരിക്കുകയാണ് ഇരുഹറം കാര്യാലയം. ഇസ്ലാമിക ചരിത്രം, ആരാധനാ കർമ്മങ്ങൾ, നബിയുടെ ജീവിതം എന്നിവ മുൻനിർത്തി ഇരുഹറം കാര്യാലയ വകുപ്പിൻറെ ട്വിറ്റർ അക്കൗണ്ട് വഴി നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്കാണ് സമ്മാനം.
വിജയികൾക്ക് ദിവസവും മൊബൈൽ, ടാബ്ലറ്റ്, സ്മാർട്ട് വാച്ച് എന്നിവ സമ്മാനമായി ലഭിക്കും. ഇരു ഹറം കാര്യാലയം ട്വിറ്റർ അക്കൗണ്ട് വഴി ദിവസവും രാത്രി 11 മണിക്കാണ് ചോദ്യം പ്രസിദ്ധീകരിക്കുന്നത്. ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുകയും 'സിയാമൻ വ കിയാമൻ' എന്ന ഹാഷ് ടാഗോടെ റീ ട്വീറ്റ് വഴി ഉത്തരങ്ങൾ നൽകുന്നവരിൽ നിന്നാണ് വിജയിയെ കണ്ടെത്തുന്നത്.
അടുത്ത ദിവസം രാത്രി എട്ടു മണിവരെ ഉത്തരം നൽകാൻ സമയമുണ്ട്. ഓരോ ദിവസവും രാത്രി എട്ടുമണിക്ക് ഇരുഹറം കാര്യാലയ വകുപ്പിൻറെ സ്നാപ്ചാറ്റ് അക്കൗണ്ട് വഴി വിജയിയെ പ്രഖ്യാപിക്കും. സൗദി അറേബ്യയിൽ ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഈദുൽ ഫിത്വറിന് ശേഷം ഇരുഹറം കാര്യാലയ വകുപ്പ് വിതരണം ചെയ്യും. റമദാനെ ഉപയോഗപ്പെടുത്താൻ വിശ്വാസികൾക്കായി വിവിധ വിഷയങ്ങളിൽ പ്രമുഖർ നയിക്കുന്ന പഠന സെഷനുകളും ഇരു ഹറമുകളിലും നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.