ജീസാൻ: രോഗബാധിതനായി കഴിഞ്ഞ എട്ടുമാസമായി ജീസാനിലെ സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കൊല്ലം പുനലൂർ സ്വദേശി പ്രശാന്ത് ഗോപാല പിള്ളയെ നാട്ടിലെത്തിച്ചു. ജീസാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവർത്തനവും ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ മാനുഷിക ഇടപെടലുമാണ് പ്രശാന്തിന് നാട്ടിലേക്കുള്ള വഴി തുറന്നത്. ബുധനാഴ്ച വൈകീട്ട് ജീസാൻ വിമാനത്താവളത്തിൽ നിന്നും സ്ട്രെച്ചർ സൗകര്യമുള്ള വിമാനത്തിൽ ജിദ്ദയിൽ എത്തിക്കുകയും അവിടെനിന്ന് രാത്രിയിൽ കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിൽ എത്തിച്ച് എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ദമ്മാം ആസ്ഥാനമായ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ പ്രശാന്ത് ഗോപലകൃഷ്ണപിള്ള ജോലിയുടെ ഭാഗമായാണ് ഇൗ വർഷം ഫെബ്രുവരിയിൽ ജീസാനിൽ എത്തുന്നത്. ആ മാസം 20ന് രാവിലെ ജോലിസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സുഹൃത്ത് സമീർ, പ്രശാന്ത് താമസിക്കുന്ന ഹോട്ടലിൽ ചെന്ന് നോക്കുമ്പോൾ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്നനിലയിൽ കണ്ടെത്തുകയായിരുന്നു.
രാത്രിയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചത്. ഉടൻതന്നെ ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ചികിത്സകൾക്കുശേഷം ബോധം തിരിച്ചുകിട്ടിയെകിലും ശരീരത്തിെൻറ ഇടതുഭാഗം തളർന്നുപോയിരുന്നു.
നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പ്രശാന്ത് ജോലിചെയ്യുന്ന കമ്പനി നടത്തിയിരുന്നു. കോവിഡ് കാലമായതിനാൽ വിമാന സർവിസില്ലായ്മ കാരണം ഇത് നീണ്ടുപോയി. രണ്ടുപ്രാവശ്യം വിമാന ടിക്കറ്റ് എടുത്തെങ്കിലും യാത്രചെയ്യാൻ സാധിച്ചില്ല. ആദ്യതവണ മെഡിക്കൽ റിപ്പോർട്ടിലെ സാങ്കേതിക പിശക് കാരണം യാത്ര മുടങ്ങി എയർപോർട്ടിൽനിന്ന് മടങ്ങി ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടാം തവണ സ്ട്രച്ചർ സൗകര്യമുള്ള ടിക്കറ്റ് ശരിയായെങ്കിലും ഇൻഷുറൻസ് തുക കഴിഞ്ഞുള്ള ചികിത്സ ചെലവ് ആര് അടയ്ക്കുമെന്ന കാര്യത്തിൽ തർക്കം നിലനിന്നതിനാൽ ആശുപത്രി അധികൃതർ ഡിസ്ചാർജ് നൽകാൻ വിസമ്മതിച്ചു. ഇതേത്തുടർന്ന് രണ്ടാംയാത്രയും മുടങ്ങി. ഇൻഷുറൻസ് പരിധിയായ അഞ്ചു ലക്ഷം റിയാൽ ഇൻഷുറൻസ് കമ്പനി അടച്ചെങ്കിലും ബാക്കിയായ ഒരു ലക്ഷത്തോളം റിയാലിെൻറ കാര്യത്തിലായിരുന്നു തർക്കം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച നാൾ മുതൽ പ്രശാന്തിനെ പരിചരിക്കാൻ ഒപ്പമുണ്ടായിരുന്ന സമീറിെൻറ യാത്രയും ഇതോടൊപ്പം മുടങ്ങി. ഹഫർ അൽ ബാത്വിനിൽ ഉണ്ടായിരുന്ന മൂത്ത സഹോദരൻ പ്രമോദ് ജീസാനിൽ എത്തി പ്രശാന്തിനെ നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ വൃക്ക രോഗിയായ ഇദ്ദേഹം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് എത്രയും വേഗം നാട്ടിൽ പോകുകയും വൈകാതെ മരണപ്പെടുകയും ചെയ്തു.
ആശുപത്രിയിലെ ബിൽ ദിനംപ്രതി കൂടുകയും നാട്ടിലെത്തിക്കാൻ കഴിയാതാവുകയും ചെയ്തതിനെ തുടർന്ന് നാട്ടിലെ പ്രശാന്തിെൻറ കുടുംബം ഇന്ത്യൻ എംബസിക്കും വിദേശകാര്യ വകുപ്പിനും പരാതി നൽകുകയുണ്ടായി. എംബസി കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ആശുപത്രി ചെലവ് ഒഴികെ വിമാന ടിക്കറ്റും സേവനാനന്തര ആനുകൂല്യങ്ങളും നൽകാമെന്നുമായിരുന്നു കമ്പനിയുടെ നിലപാട്.ഈ അവസരത്തിലാണ് പ്രശാന്തിെൻറ കുടുബം 'ഗൾഫ് മാധ്യമം' സൗദി ഓഫിസിലേക്ക് സഹായം തേടി ഇ-മെയിൽ അയച്ചത്. തുടർന്ന് ജീസാനിലെ ലേഖകനും പ്രവാസി സാംസ്കാരിക വേദി അസീർ മേഖല പ്രസിഡൻറുമായ ഇസ്മാഈൽ മാനു ആശുപത്രിയിലെത്തുകയും പ്രശാന്തിെൻറ അവസ്ഥ മനസ്സിലാക്കുകയും ചെയ്തു.
ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോൾ നിലവിലെ ചികിത്സ ചെലവ് രണ്ടു ലക്ഷം റിയാൽ കവിഞ്ഞു എന്നറിയാൻ കഴിഞ്ഞു. ഇസ്മാഈൽ മാനുവിനൊപ്പം 'ജല' ജീസാൻ ജനറൽ സെക്രട്ടറി ദേവൻ വെന്നിയൂർ, തനിമ ഏരിയ പ്രസിഡൻറ് സിറാജ് മുരിങ്ങോളി എന്നിവർ പലവട്ടം ആശുപത്രി മാനേജ്മെൻറുമായി ചർച്ച നടത്തി. അവിടത്തെ സ്റ്റാഫ് നഴ്സുമാരായ നിസ അങ്കമാലി, അശ്വതി, നഴ്സിങ് കോഓഡിനേറ്റർ ബിന്ദു എന്നിവരുടെ നിരന്തര പരിശ്രമഫലമായി 40,000 റിയാലായി ബിൽ കുറക്കാൻ അധികൃതർ തയാറായി.
ഈവിവരം നാട്ടിലെ ബന്ധുക്കളെ അറിയിക്കുകയും അവർ ഈ തുക എത്തിക്കുകയും ചെയ്തു.
കെ.എം.സി.സി ജീസാൻ ഏരിയ ട്രഷറർ ഖാലിദ് പട്ള, എംബസി പ്രതിനിധികളായ ഡോ. മുക്താർ, സയ്യിദ് കാശ്യപ് എന്നിവർ കമ്പനിയെ ബന്ധപ്പെട്ട് വിമാന ടിക്കറ്റും മറ്റു യാത്രാരേഖകളും ലഭ്യമാക്കുകയും സേവനാനന്തര ആനുകൂല്യം നാട്ടിലെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയും ചെയ്തു.
എയർപോർട്ടിൽ പ്രശാന്തിനെ യാത്രയാക്കാൻ ഇസ്മാഈൽ മാനു, ദേവൻ വെന്നിയൂർ, സിറാജ് മുരിങ്ങോളി, സജീർ മുക്കം, ഷാജി പരപ്പനങ്ങാടി, മുനവ്വിർ തുടങ്ങി നിരവധി സംഘടനാപ്രവർത്തകർ എത്തി. മുഹമ്മദ് ഷാഫി പൊന്നാനി പ്രശാന്തിനെ യാത്രയിൽ അനുഗമിച്ചു.
വ്യാഴാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിയ പ്രശാന്തിനെ ഐഡിയൽ റിലീഫ് വിങ്ങിെൻറ ആംബുലൻസിൽ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.