റിയാദ്: സൗദി മീഡിയ ഫോറം 2024 മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ മാധ്യമ സമ്മേളനമായിരിക്കുമെന്ന് ഫോറം ചെയർമാനും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ സി.ഇ.ഒയുമായ മുഹമ്മദ് ബിൻ ഫഹദ് അൽഹാരിതി. ഫോറം രാജ്യത്തെ സർഗാത്മകതയ്ക്കുള്ള ഒരു വേദിയാണ്. മാധ്യമ വ്യവസായത്തിലെ സമീപകാല അനുഭവങ്ങളെയും സർഗാത്മകത ലോകങ്ങളെയുംകുറിച്ച് അറിയാനുള്ള ആവേശകരമായ യാത്രയുടെ ഭാഗമാണ്.
മാധ്യമ വളർച്ച, സർഗാത്മക ചിന്ത, ഉള്ളടക്കം സൃഷ്ടിക്കുന്നതിലുള്ള താൽപര്യം, പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കും. പ്രാദേശികമായും ആഗോളതലത്തിലും മാധ്യമസ്ഥാപനങ്ങളുടെ വ്യവസായ വികസനത്തിനുവേണ്ടി ശ്രമിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ഉദ്യോഗസ്ഥർ, അംബാസഡർമാർ, അക്കാദമിക് വിദഗധർ, മാധ്യമ പ്രവർത്തകർ എന്നിവർ ഫോറത്തിൽ
പെങ്കടുക്കും. മാധ്യമ അനുഭവങ്ങൾ പങ്കുവെക്കപ്പെടും. സർഗാത്മകവും നൂതനവുമായ ചിന്തകളെ ഉത്തേജിപ്പിക്കാനും മാധ്യമ വൈവിധ്യങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ ചർച്ചകൾ നടക്കും.
നിലവിലെ പ്രശ്നങ്ങളും അവയോടുള്ള മാധ്യമ പ്രതികരണവും ഫോറത്തിലെ സെഷനുകളിലുൾപ്പെടും. അന്താരാഷ്ട്രതലത്തിൽ സൗദി മാധ്യമങ്ങളുടെ പദവിക്ക് യോജിച്ച ഫലങ്ങളിൽ എത്തിച്ചേരുന്നതിന് ഫോറം കമ്മിറ്റികൾ തീരുമാനിച്ച ഒരു കൂട്ടം സംരംഭങ്ങളാണ് അവതരിപ്പിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു. കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററുമായി സഹകരിച്ച് ഫോട്ടോഗ്രാഫർമാർക്കായി ഒരു സംരംഭം ഫോറത്തിനുകീഴിൽ ആരംഭിക്കും. ഫോറത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോട്ടോഗ്രാഫർമാർക്ക് ഇതിലൂടെ നിരവധി സേവനങ്ങൾ ലഭ്യമാവും.
ഫോറത്തിൽ പെങ്കടുക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകരുടെ ശിക്ഷണത്തിൽ യുവ പ്രതിഭകളെ ശാക്തീകരിക്കാനുള്ള ‘മീഡിയ അംബാസഡേഴ്സ് ഇനിഷ്യേറ്റീവ്’എന്ന സംരംഭവും ഫോറത്തിനു കീഴിലുണ്ട്. കൂടാതെ പ്രഗത്ഭരായ മാധ്യമ വിദ്യാർഥികളെ അവരുടെ സർവകലാശാലകളിൽ ഫോറത്തിന്റെയും ഫ്യൂച്ചർ ഓഫ് മീഡിയ എക്സിബിഷന്റെയും (ഫോമെക്സ്) അംബാസഡർമാരാക്കാനും പദ്ധതിയുണ്ട്. മാധ്യമ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനുള്ള സൗദി മീഡിയ ഫോറം അവാർഡ് മറ്റൊരു സംരംഭമാണ്. ഈ വർഷത്തെ അവാർഡിന് അപേക്ഷകരുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്.
1000 ത്തോളം അപേക്ഷകരാണുണ്ടായത്. മികച്ച സ്ഥാപനങ്ങളെയും വിവിധ മാധ്യമ മേഖലകളിലെ മാധ്യമപ്രവർത്തകരെയും ആദരിക്കും. മറ്റൊരു സംരംഭം ഫ്യൂച്ചർ ഓഫ് മീഡിയ എക്സിബിഷൻ ‘ഫോമക്സ്’ആണ്. കലാപരമായ, സാങ്കേതിക, മാധ്യമ വശങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നതിൽ പ്രദർശനം ശ്രദ്ധ കേന്ദ്രീകരിക്കും. മധ്യപൗരസ്ത്യ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയാണിത്. ഇത് 200 ലധികം പ്രാദേശികവും അന്തർദേശീയവുമായ കമ്പനികളെ ഒരേ മേൽകൂരക്കുകീഴിൽ അണിനിരത്തുന്നതാണെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.