അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര പുറപ്പെടൽ കേന്ദ്രത്തിൽ യാത്രക്കാർക്കുള്ള ഏറ്റവും വലിയ വിശ്രമമുറി ഉദ്ഘാടനം ചെയ്തു.
സൗദി എയർലൈൻസ് (സൗദിയ)യുടെതാണ് അൽഫുർസാൻ എന്ന പേരിലുള്ള ലോഞ്ച്. ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രിയും സൗദി എയർലൈൻസ് ഗ്രൂപ് ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് ബിൻ നാസർ അൽജാസറാണ് ഉദ്ഘാടനം നിർവഹിച്ചത്.
സൗദിയ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽ ഉമർ, ജിദ്ദ വിമാനത്താവള കമ്പനി സി.ഇ.ഒ എൻജി. റയാൻ തറാബ്സൂനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സൗദി എയർലൈൻസിന് അൽഫുർസാൻ ലോഞ്ചുകൾ ഒരു മത്സര നേട്ടമാണെന്ന് സൗദി ഒാർഗനൈസേഷൻ ഡയറക്ടർ ജനറൽ പറഞ്ഞു.
യാത്രക്കാരുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് ലോഞ്ച് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ലഭ്യമായ സൗകര്യങ്ങളും സേവനങ്ങളും ശ്രദ്ധാപൂർവം സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണിത്. നിരവധി അന്താരാഷ്ട്ര പരിപാടികളാണ് സൗദിയിൽ നടന്നുവരുന്നത്.
അടുത്തുതന്നെ നടക്കാൻ പോകുന്ന ജിദ്ദയിലെ ഏറ്റവും പ്രധാന പരിപാടികളാണ് റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലും ഫോർമുല വൺ മത്സരവും.
ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്ന് ഈ പരിപാടികളിലേക്ക് പങ്കെടുക്കാൻ വരുന്നവരുടെ ഒഴുക്കുണ്ടാകും. ദേശീയ വിമാനക്കമ്പനി അവരുടെ യാത്രയിൽ മാത്രമല്ല, മികവുറ്റ നിലയിൽ ആവശ്യമായ എല്ലാ സേവനങ്ങളും നൽകാൻ പാക്കേജുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അൽഫുർസാൻ ലോഞ്ച് ഈ സേവനങ്ങളിൽ ഒന്നാണ്.
ലോകത്തിെൻറ വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള 19 വിമാനക്കമ്പനികളുടെ കൂട്ടായ്മയായ 'സ്കൈ ടീം' സഖ്യത്തിനു കീഴിലുള്ള വിമാനങ്ങളിൽ തുടർച്ചയായി യാത്രചെയ്യുന്നവർക്കുള്ള ഏറ്റവും വലിയ വിശ്രമ സങ്കേതമായാണ് ജിദ്ദ വിമാനത്താളവത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോഞ്ചിനെ കണക്കാക്കുന്നത്.
യാത്രക്കാർക്ക് കാത്തിരിക്കാനും വിശ്രമിക്കാനും ബിസിനസ് കാര്യങ്ങൾ ചർച്ചചെയ്യാനും വിനോദം ആസ്വദിക്കാനും ആവശ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ട്.
എല്ലാ പ്രായക്കാർക്കും സമയം ചെലവഴിക്കാൻ ആവശ്യമായ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.