ജുബൈൽ: ജോലിക്കിടെ ലിഫ്റ്റിൽ നിന്നും വീണു സാരമായ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇടുക്കി വാഗമൺ സ്വദേശി സ്റ്റീഫൻ നാടണഞ്ഞു. അൽ-അഹ്സയിലെ ജോലി സ്ഥലത്ത് അപകടത്തിൽപെട്ട് കൈ ഒടിയുകയും നടുവിനും കാൽമുട്ടിനും പരിക്കേൽക്കുകയും ചെയ്ത സ്റ്റീഫന് വേണ്ടത്ര ചികിത്സ ലഭിച്ചിരുന്നില്ല. ഹെൽത്ത് ഇൻഷുറൻസോ ജനറൽ ഇൻഷുറൻസോ (ഗോസി) ഇല്ലാത്തതിനാൽ, ഫ്രീലാൻഡ്സ് വിസയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ സ്പോൺസറും സഹായിക്കാൻ തയാറായില്ല. നാട്ടിൽ നിന്നും ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചതനുസരിച്ച് ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ സ്പോൺസറുമായി ബന്ധപ്പെടുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അൽ അഹ്സയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൈയിൽ ഓപറേഷനും നടുവിന് ബോൾട്ട് ഇട്ടുള്ള ചികിത്സയും നടത്തി.
10 ദിവസത്തിനുശേഷം ഡിസ്ചാർജ് ആയെങ്കിലും താമസസ്ഥലത്തെ അസൗകര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് സ്റ്റീഫനെ കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരാൻ അനുവദിച്ചു. സാമൂഹിക പ്രവർത്തകൻ വിക്രമിന്റെ നേതൃത്വത്തിൽ യാത്രരേഖകൾ തയാറാക്കി. യാത്രച്ചെലവും കോവിഡ് പി.സി.ആർ ടെസ്റ്റിനുള്ള പണവും ജുബൈൽ ക്രൈസിസ് മാനേജ്മെന്റ് കൈമാറി. എയർപോർട്ടിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസ് സൗകര്യവും അവിടെ ചികിത്സക്ക് വേണ്ട കാര്യങ്ങളും നാട്ടിൽ തയാറാക്കിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സ്റ്റീഫനെ ബന്ധുക്കൾ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇർഷാദ്, ഫൈസൽ, ബൈജു അഞ്ചൽ, ഏലിയാമ്മ, ഡോ. ഖാലിദ് എന്നിവർ വിവിധ സന്ദർഭങ്ങളിൽ സ്റ്റീഫന്റെ ചികിത്സക്കും മറ്റു കാര്യങ്ങൾക്കും സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.