യാംബു: രാജ്യത്തെ തൊഴിൽ വിപണി കുറ്റമറ്റതാക്കാനും നിയന്ത്രിക്കുന്നതിനും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ശക്തമായ നടപടികൾ തുടരുന്നു. തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്.
ഈ വർഷം ജൂലൈ വരെ രാജ്യത്തുടനീളമുള്ള ഏഴ് ലക്ഷം സ്ഥാപനങ്ങളിലാണ് മന്ത്രാലയം പരിശോധന നടത്തിയത്. തൊഴിൽ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 88,776 പേർക്ക് മുന്നറിയിപ്പ് നൽകി.
1,07,329 സ്ഥാപനങ്ങൾ തൊഴിൽനിയമത്തിലെ പല നിബന്ധനകളും പാലിക്കാത്തതായി കണ്ടെത്തി. മന്ത്രാലയം നിശ്ചയിച്ച വേതനം നൽകുന്നതിൽ പരാജയപ്പെട്ട 59,891 തൊഴിലുടമകൾക്കെതിരെയും ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ 16,295 കേസുകളിലും നടപടിയുണ്ടായി.
സ്വദേശി പൗരന്മാർക്ക് സംവരണം ചെയ്ത തൊഴിലുകളിൽ ഏർപ്പെട്ട 7,662 വിദേശികളും നടപടിക്ക് വിധേയരായി. പരിശോധന സംഘം 5,22,092 സ്ഥാപനങ്ങളിലാണ് തൊഴിൽ സ്വദേശിവത്കരണം സംബന്ധിച്ച നിരീക്ഷണത്തിനായി സന്ദർശനം നടത്തിയത്.
ഈ സന്ദർശനങ്ങൾ വഴി സ്വദേശി പൗരന്മാർക്ക് 9,712 തൊഴിലവസരങ്ങൾ കൂടുതൽ കണ്ടെത്താനായി. സ്വദേശിവൽക്കരണ നിയമങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 93.5 ശതമാനമായി ഉയർന്നതായും മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള പെട്രോൾ സ്റ്റേഷനുകളിലും സർവിസ് സെന്ററുകളിലും 840 പരിശോധന സന്ദർശനങ്ങളാണ് ഈ കാലയളവിൽ നടത്തിയത്.
രാജ്യത്തുടനീളമുള്ള എല്ലാ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമുള്ള പരിശോധനകൾ തുടരുകയാണ്. 19911 എന്ന ഫോൺ നമ്പറിലോ മന്ത്രാലയത്തിന്റെ ആപ് വഴിയോ എന്തെങ്കിലും തൊഴിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം രാജ്യവാസികളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.