സാദിഖലി തുവ്വൂർ
ജിദ്ദ: ഗൾഫിലെ പ്രവാസികൾക്കായി സൗദി അറേബ്യ പുതിയ വിസ പദ്ധതി ഉടൻ അവതരിപ്പിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് അറിയിച്ചു. 2019ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദസഞ്ചാരത്തിനായി വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. സി.എൻ.ബി.സി അറബി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൽ ഖത്തീബ് ഇക്കാര്യം അറിയിച്ചത്.
2021ൽ 64 ദശലക്ഷം ആഭ്യന്തര യാത്രകളിലൂടെ രാജ്യത്ത് 50 ലക്ഷം വിദേശ സന്ദർശകരെത്തി. കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ ടൂറിസം മേഖല 40 ശതമാനം ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദറഇയ പദ്ധതിയിലെ അൽബുജൈരി ഏരിയ ഈവർഷം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019ൽ രാജ്യത്തെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾ മൂന്നു ശതമാനമായിരുന്നു. 2030ഓടെ ഇത് 10 ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019 മുതൽ ഇതുവരെ സൗദിയിലെ തൊഴിലവസരങ്ങൾ 15 ശതമാനം വർധിച്ച് 8,20,000 ത്തിലെത്തിയിട്ടുണ്ട്.
2030 ഓടെ ഈ മേഖലയിൽ 200 ശതകോടി ഡോളറിലധികം ചെലവഴിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. 2019 സെപ്റ്റംബറിൽ ജി.ഡി.പിയിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനമായിരുന്നെങ്കിൽ 2030 ഓടെ അത് 10 ശതമാനത്തിലെത്തിക്കുമെന്നും അൽ ഖത്തീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.