റിയാദ്: ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായ മലയാളിയെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു. കൊല്ലം ശൂരനാട് സ്വദേശി പ്രസന്നൻ കൊച്ചുകുഞ്ഞാണ് റിയാദിലെ കേളി കലാ സാംസ്കാരിക വേദിയുടെ ഇടപെടലിൽ നാടണഞ്ഞത്. അൽഖർജ് ന്യൂ സനാഇയ്യയിൽ നാലു വർഷത്തിലധികമായി വർക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു പ്രസന്നൻ. ജോലിക്കിടയിൽ ഇരുമ്പ് കഷണം കാലിൽ തറച്ചുകയറുകയും ശരിയായ ചികിത്സ ലഭിക്കാഞ്ഞതിനെ തുടർന്ന് കാലിൽ പഴുപ്പ് കയറി കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാവുകയും ചെയ്തു.
വിദഗ്ധ ചികിത്സക്കായി നാട്ടിൽ പോകാൻ ശ്രമിച്ചെങ്കിലും നാലു വർഷമായി സ്പോൺസർ ഇഖാമ പുതുക്കുകയോ എക്സിറ്റ് റീഎൻട്രി വിസ നൽകുകയോ ചെയ്യാത്തതിനാൽ അതിന് സാധിച്ചില്ല. തുടർന്നാണ് കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരെ സമീപിച്ച് നാട്ടിൽ പോകാൻ സഹായം തേടിയത്. കേളി പ്രവർത്തകർ സ്പോൺസറെ സമീപിച്ചെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരുമെന്നു ഭയന്ന് സഹകരിക്കാൻ തയാറായില്ല. തുടർന്ന് ഇന്ത്യൻ എംബസിയുമായും സൗദി തൊഴിൽകാര്യ വകുപ്പുമായും ബന്ധപ്പെട്ട് നാട്ടിൽ പോകാനാവശ്യമായ രേഖകൾ തയാറാക്കുകയായിരുന്നു. കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിലാണ് പ്രസന്നനെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.