ജിദ്ദ: ആഭ്യന്തര ഉംറ തീർഥാടകരുടെ എണ്ണം പ്രതിദിനം 60,000 ആയി ഉയർത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മുതൽ ഇതുനടപ്പായി. കോവിഡിനെ പ്രതിരോധിക്കാനുള്ള ആരോഗ്യ മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഉംറ തീർഥാടനം പുനരാരംഭിച്ചത് ആരോഗ്യ, ഹജ്ജ് മന്ത്രാലയങ്ങൾ തുടങ്ങിയ വകുപ്പുകളുടെ കർശനമായ നിർദേശങ്ങൾക്ക് അനുസൃതമായാണ്.
കോവിഡ് സാഹചര്യത്തിൽ ഉംറക്ക് നേരത്തെ നിശ്ചയിച്ച നടപടിക്രമങ്ങൾ തുടരും. ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും അനുമതിപത്രം ലഭിക്കാനുള്ള അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 'തവക്കൽന', 'ഇഅ്തമർന' ആപ്പുകളാണ്.
വ്യാജ പ്ലാറ്റ്ഫോമുകളെയും സൈറ്റുകളെയും ആശ്രയിക്കരുത്. അത്തരം വ്യാജന്മാർക്കെതിരെ ജാഗ്രത പാലിക്കണം. ഉംറക്ക് പുറപ്പെടുംമുമ്പ് ആപ്പിൽ രജിസ്റ്റർ ചെയ്ത തീയതിയും സമയവും ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഉംറ തീർഥാടകരുടെ എണ്ണം പ്രതിദിനം 60,000 ആയി വർധിപ്പിക്കുന്നതോടെ കൂടുതൽ പേർക്ക് മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിക്കാനാവും. കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഉംറ തീർഥാടനം പുനരാരംഭിച്ച സമയത്ത് പ്രതിദിനം 6,000 പേർക്കായിരുന്നു അനുമതി. പിന്നീട് ക്രമാനുഗതമായി തീർഥാടകരുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. കഴിഞ്ഞ റമദാനിൽ ഉംറക്കും നമസ്കാരത്തിനും കൂടുതൽ പേർക്ക് അനുമതി നൽകിയിരുന്നു.
ഹജ്ജ് കഴിഞ്ഞു ദുൽഹജ്ജ് 15ന് ഉംറ തീർഥാടനം പുനരാരംഭിച്ചപ്പോൾ പ്രതിദിനം 20,000 പേർക്ക് എന്ന തോതിലായിരുന്നു ഹറമിലേക്ക് പ്രവേശനം നൽകിയിരുന്നത്. അനുമതി പത്രം, 18 വയസ്സ് പൂർത്തിയാകണം എന്നിവയായിരുന്നു മസ്ജിദുൽ ഹറാമിലേക്ക് പ്രവേശിക്കാനുള്ള നിബന്ധന. ഹജ്ജിനു ശേഷം ഉംറക്കെത്തുന്നവർ വാക്സിനെടുത്തിരിക്കണമെന്നും കൂടി നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.