ജിദ്ദ: ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ പ്രമുഖ മാധ്യമപ്രവർത്തക ഷിറിൻ അബു ആഖില കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിച്ചു. പലസ്തീൻ പ്രദേശങ്ങളിൽ വെച്ച് ഇസ്രായേൻ അധിനിവേശ സേന നടത്തിയ കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണ്. ഉടനടി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നതിനും വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി മാധ്യമപ്രവർത്തനം നടത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തക അബു ആഖിലയെ ഇസ്രായേൽ അധിനിവേശ സേന ലക്ഷ്യമിട്ടതെന്ന് ഒ.ഐ.സി വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങളിലാണ് ഇത് ഉൾപ്പെടുക. സത്യം കണ്ടുകെട്ടാനും വായ മൂടിക്കെട്ടാനും ദൈനംദിന ലംഘനങ്ങൾ മൂടിവയ്ക്കാനും അവ ലോകത്തിന് മുമ്പാകെ അറിയിക്കുന്നത് തടയാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹീനമായ കുറ്റകൃത്യത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും കരാറുകൾക്കും അനുസൃതമായി അധിനിവേശ ഫലസ്തീൻ പ്രദേശത്ത് ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നീതി ഉറപ്പാക്കാനും ആവശ്യമായ സംരക്ഷണം നൽകാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അന്താരാഷ്ട്ര സ്ഥാപനങ്ങളോട് ഒ.ഐ.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.