റിയാദ്: പക്ഷാഘാതം പിടിപെട്ട് തളർന്ന മലയാളി യുവാവിനെ റിയാദിൽനിന്ന് സാമൂഹികപ്രവർത്തകർ നാട്ടിലെത്തിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഭാസ്കരൻ രാമൻ നായരെയാണ് കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ തുടർചികിത്സക്കായി നാട്ടിലയച്ചത്. 24 വർഷത്തോളമായി റിയാദിൽ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയായിരുന്നു ഭാസ്കരൻ. സ്പോൺസർ 'ഹുറൂബ്' കേസിലാക്കിയതിനാൽ കഴിഞ്ഞ രണ്ടുവർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല.
എംബസിയുടെ സഹായത്തോടെ നാട്ടിൽ പോകുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതിനിടയിലാണ് പക്ഷാഘാതമുണ്ടായത്. തുടർന്ന് ശുമൈസി കിങ് ഖാലിദ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച് രണ്ടു മാസത്തോളം ചികിത്സ നടത്തിയെങ്കിലും കാര്യമായ മാറ്റം ഇല്ലാത്തതിനെ തുടർന്ന് നാട്ടിൽനിന്ന് ബന്ധുക്കൾ കേരള പ്രവാസി സംഘം മുഖേന കേളിയുമായി ബന്ധപ്പെടുകയായിരുന്നു. കേളിയുടെ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ഇന്ത്യൻ എംബസിയെ ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ ഭാസ്കരന്റെ ഹുറൂബ് നീക്കി എക്സിറ്റ് വിസ നേടാനുള്ള ശ്രമം നടത്തുകയും ചെയ്തു.
അപ്പോഴാണ് മറ്റൊരു നിയമക്കുരുക്കുകൂടി ശ്രദ്ധയിൽപെടുന്നത്. കുടുംബത്തെ സന്ദർശനവിസയിൽ കൊണ്ടുവന്ന്, സമയപരിധിക്കുള്ളിൽ തിരിച്ചയക്കാതിരുന്നതിന്റെ പിഴയും നിയമപ്രശ്നവുമാണ് ബാക്കി കിടന്നത്. 11,000 റിയാലിന്റെ പിഴയാണ് അടക്കാനുണ്ടായിരുന്നത്. എംബസി ഉദ്യോഗസ്ഥരുടെ പരിശ്രമംമൂലം ഈ പിഴത്തുകയും രണ്ടു വർഷത്തെ ഇഖാമയുടെ ഫീസും അതിന്റെ പിഴയും ലെവിയും സൗദി അധികൃതർ ഒഴിവാക്കി നൽകുകയും തുടർന്ന് ആവശ്യമായ യാത്രാരേഖകൾ ശരിയാക്കുകയും ചെയ്തു. സ്ട്രക്ച്ചർ സംവിധാനത്തോടെ നാട്ടിലെത്തിക്കുന്നതിനുള്ള പൂർണമായ ചെലവും എംബസി വഹിക്കാൻ തയാറായി. കഴിഞ്ഞദിവസം നാട്ടിലെത്തി. കോഴിക്കോട് സ്വദേശി രാധാകൃഷ്ണൻ ഭാസ്കരന് സഹായിയായി ഒപ്പം പോയി. ഭാസ്കരന്റെ സഹോദരങ്ങളും കേരള പ്രവാസി സംഘം പട്ടാമ്പി ഏരിയ പ്രസിഡന്റും ചേർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ച് തുടർ ചികിത്സക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.