ജിദ്ദ: സൗദിയിലെ 2022ലെ സെൻസസിന്റെ ആദ്യ ഫലങ്ങൾ ബുധനാഴ്ച ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പ്രഖ്യാപിച്ചു. രാജ്യത്തെ ജനസംഖ്യ 32,175,224 ദശലക്ഷമായി കണക്കാക്കുന്ന ആദ്യ ഫലങ്ങളാണ് ബുധനാഴ്ച അധികൃതർ പുറത്തുവിട്ടത്. മൊത്തം ജനസംഖ്യയുടെ എണ്ണത്തിൽ സൗദികൾ 18.8 ദശലക്ഷവും (58.4 ശതമാനം), സൗദികളല്ലാത്ത മറ്റു രാജ്യക്കാർ 13.4 ദശലക്ഷവും കണക്കാക്കുന്നു. ജനസംഖ്യയുടെ 41.6 ശതമാനം സ്വദേശികളല്ലാത്തവരാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് യുവജനസംഖ്യയിൽ ഗണ്യമായ വർധനയുണ്ടെന്നും സെൻസസ് കണക്കുകൾ ഉദ്ധരിച്ച് അധികൃതർ ചൂണ്ടിക്കാട്ടി. ശരാശരി 29 വയസ്സുള്ളവരും 30 വയസ്സിനു താഴെയുള്ളവരുമായ സൗദികളുടെ ജനസംഖ്യ മൊത്തം 63 ശതമാനം വരും. പുരുഷന്മാരുടെ എണ്ണം 19.7 ദശലക്ഷത്തിലെത്തി. ഇത് 61 ശതമാനമാണ്. അതേസമയം സ്ത്രീകളുടെ എണ്ണം 12.5 ദശലക്ഷത്തിലെത്തിയതായാണ് കണക്ക് വ്യക്തമാക്കുന്നത്. ഇത് രാജ്യത്തിന്റെ ജനസംഖ്യയിൽ 39 ശതമാനമാണ്. ജനസംഖ്യയുടെ കാര്യത്തിൽ സൗദിയിലെ ഏറ്റവും വലിയ നഗരമായ റിയാദ് തന്നെയാണ് ഒന്നാമത്. ജിദ്ദ, മക്ക, മദീന, ദമ്മാം എന്നിവ തൊട്ടുപിന്നിലുള്ള നഗരങ്ങളാണ്.
സൗദി കുടുംബങ്ങളുടെ ആകെ എണ്ണം 4.2 മില്യൺ ആണെന്നും ഒരു കുടുംബത്തിന് ശരാശരി 4.8 പേർ വീതമാണുള്ളതെന്നും കണക്കിൽ പറയുന്നു. സൗദി പുരുഷന്മാരുടെ ശതമാനം സൗദി സ്ത്രീകളുടേതിന് അടുത്താണ്. പുരുഷന്മാരുടെ ശതമാനം 50.2 ശതമാനവും സ്ത്രീകളുടേത് 49.8 ശതമാനവുമാണ്. 2022ലെ സൗദി സെൻസസ് ഫലങ്ങളിൽ മൂന്ന് പ്രധാന വിഭാഗങ്ങളെക്കുറിച്ചുള്ള വിശദമായ ഡേറ്റ ഉൾപ്പെടുന്നു. ജനസംഖ്യ, കുടുംബങ്ങൾ, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വരുമാനം, വിദേശികളുടെ സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള ഫലങ്ങൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2022ലെ സൗദി സെൻസസ് സുപ്രധാനമായ ഒരു ദേശീയ പദ്ധതിയാണെന്നും സാമ്പത്തിക വികസനത്തിനും ആസൂത്രണത്തിനും തീരുമാനങ്ങൾ എടുക്കുന്നതിനുമുള്ള നിർണായക രേഖയായിരിക്കുമെന്നും സാമ്പത്തിക ആസൂത്രണമന്ത്രിയും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ അൽ ഇബ്രാഹിം പറഞ്ഞു. കൂടാതെ സാമൂഹിക നയം, വിവിധ മേഖലകൾക്കും സേവനങ്ങൾക്കുമായി വികസന പദ്ധതികൾ രൂപവത്കരിക്കൽ എന്നിവക്കും സെൻസസ് അടിസ്ഥാനമാക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ നിക്ഷേപ അന്തരീക്ഷത്തെ പിന്തുണക്കുകയും വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമഗ്രവും കൃത്യവുമായ ഒരു സെൻസസ് നടത്തിയതിലും ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാറ്റിസ്റ്റിക്കൽ സമ്പ്രദായങ്ങളുടെ ഒരു ഉദാഹരണമായി മാറിയതിലും ഞങ്ങൾ അഭിമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്കും സെൻസസ് പദ്ധതിക്ക് ഉദാരമായ മാർഗനിർദേശം നൽകിയതിനും പരിധിയില്ലാത്ത പിന്തുണക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായും മന്ത്രി അറിയിച്ചു. സൗദിയുടെ ചരിത്രത്തിലെ ഏറ്റവും സമഗ്രവും കൃത്യവുമായ ജനസംഖ്യ സർവേയാണ് 2022ലെ സെൻസസ്. ഫലങ്ങൾ 95 ശതമാനത്തിൽ കൂടുതൽ കൃത്യമാണ്. ഒരു ദശലക്ഷത്തിലധികം ആളുകളുടെ റാൻഡം സാമ്പിൾ ഉപയോഗിച്ച് ഡേറ്റ പരിശോധിക്കുന്നതിനുള്ള ഫോളോ-അപ് ഫോൺ കാളുകളെ അടിസ്ഥാനമാക്കിയായിരുന്നു. അവ ഉപയോഗിച്ച രീതിശാസ്ത്രം ലോകത്തിലെ ഏറ്റവും കൃത്യതയുള്ള ഒന്നായി ഇതിനകം അന്താരാഷ്ട്ര തലത്തിൽതന്നെ ശ്രദ്ധേയമായിരുന്നു. സൗദിയിലെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സേവനങ്ങൾക്കും കൂടുതൽ മികച്ച ഭാവിക്കുള്ള തയാറെടുപ്പിനും രാജ്യത്തെ താമസക്കാരുടെ കൃത്യമായ ഡേറ്റ അവലംബമാക്കിയാണ് രൂപകല്പന ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.