റി​യാ​ദ് സീ​സ​ൺ ഉ​ത്സ​വം ആ​രം​ഭി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ജി.​ഇ.​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തു​ർ​ക്കി അ​ൽ​ശൈ​ഖ്

നി​ർ​വ​ഹി​ക്കു​ന്നു

റി​യാ​ദ് സീ​സ​ൺ ഉ​ത്സ​വം 21 മു​ത​ൽ

റിയാദ്: തലസ്ഥാനനഗരിയെ വിനോദത്തിന്റെ വിസ്മയലോകത്തേക്ക് ആനയിക്കാൻ രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക, വിനോദോത്സവമായ 'റിയാദ് സീസൺ-2022'ന് ഒക്ടോബർ 21 ന് (വെള്ളിയാഴ്ച) തുടക്കമാകും. 'സങ്കൽപങ്ങൾക്കപ്പുറം' എന്ന തലവാചകത്തിൽ കൊടിയേറുന്ന ഉത്സവത്തിന് കഴിഞ്ഞവർഷത്തെക്കാൾ ഗംഭീര ഉദ്ഘാടന ചടങ്ങ് ഉണ്ടാകുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജി.ഇ.എ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽശൈഖ് അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സർക്കസ്, ആർട്ട് പെർഫോംസ് ഗ്രൂപ്പായ കനേഡിയൻ കമ്പനി 'സിർക്യു ഡു സോലെയിൽ' അവതരിപ്പിക്കുന്ന സംഗീതമേളയും സർക്കസ് ഷോയും ഉദ്ഘാടനപരിപാടിയിലെ പ്രധാന ആകർഷണമായിരിക്കും. റിയാദ് നഗരത്തിനകത്തെ 'ബോളീവാർഡ് വിനോദനഗര'മാണ് ഉദ്ഘാടനവേദി. ഒക്ടോബർ 21 മുതൽ 65 ദിവസം നീളുന്ന ഉത്സവനാളുകളിൽ മാനത്ത് വർണവിസ്മയം വിരിയിക്കുന്ന വെടിക്കെട്ടുകളുണ്ടാകുമെന്നും തുർക്കി അൽശൈഖ് കൂട്ടിച്ചേർത്തു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 വേദികളാണ് സാംസ്കാരിക കലാകായിക പരിപാടികൾക്കായി ഒരുക്കിയിരിക്കുന്നത്.ഓരോ വേദിയും സവിശേഷമായ പ്രാധാന്യമുള്ളതാകും. ഇത്തവണയും റിയാദ് സീസണിന്റെ പ്രധാന വേദി ബോളീവാർഡ് ആയിരിക്കും. അമേരിക്ക, ഫ്രാൻസ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്പെയിൻ, ജപ്പാൻ, മൊറോക്കോ തുടങ്ങി ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരങ്ങളും പാചകരീതികളും രുചിക്കൂട്ടുകളും ആതിഥേയത്വ രീതികളും ഇവിടെ സംഗമിക്കും.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകവും തടാകത്തിലൂടെയുള്ള സവാരിയും ബോളീവാർഡിലുണ്ട്. ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത് ബോളീവാർഡിലാണ്. ഇവിടെ സമയം ചെലവിടുന്നവർക്കായി പുതിയ 12 റസ്റ്റാറന്റുകളും കഫേകളും പണികഴിപ്പിച്ചിട്ടുണ്ട്. കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്ന പുതിയ ഗെയിമുകളും വെർച്വൽ വിനോദങ്ങളും ബോളീവാർഡിലുണ്ടാകും. വിന്റർ വണ്ടർലാൻഡാണ് രണ്ടാമത്തെ പ്രധാനവേദി. ആബാലവൃന്ദത്തിന് വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചുള്ള വിവിധ പരിപാടികൾ വണ്ടർലാൻഡിൽ സജ്ജീകരിച്ചിട്ടുണ്ട്.

റിയാദിന്റെ പ്രാദേശികവും സാംസ്‌കാരികവുമായ ശൈലിയിൽ രൂപകൽപന ചെയ്‌ത പ്രദേശമാണ് 'വയ റിയാദ്' വേദി. ഏറ്റവും പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ സെന്റ് റെജിസ് റിയാദും ഏഴ് ആഡംബര സിനിമാഹാളുകളും നിരവധി റസ്റ്റാറന്റുകളും കഫേകളും അടങ്ങുന്നതാണ് ഇവിടം. അത്യാഡംബര വസ്ത്രങ്ങളും ആഭരണങ്ങളും വിൽപനക്കും പ്രദർശനത്തിനുമായി 'വയ റിയാദ്' വേദിയിലെത്തും. 190 ഇനങ്ങളിലായി 1300ലധികം മൃഗങ്ങളുള്ള റിയാദ് മലസിലെ മൃഗശാലയും ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ 'ദി ഗ്രോവ്സ്' എന്നീ മേഖലകളും വ്യത്യസ്തമായ കാഴ്ചകളൊരുക്കി സീസൺ വേദികളിലുണ്ടാകും.

പടിഞ്ഞാറൻ റിയാദ് നഗരമായ അൽറിഹാബിൽ പ്രശസ്തമായ സിനിമകൾ, അവയുടെ ഡിസൈനുകൾ, തത്സമയ ഷോകൾ ഉൾപ്പെടെ പരിപാടികൾക്കായി ഇമാജിനേഷൻ പാർക്ക് സീസൺ വേദികളിൽ ഉൾപ്പെട്ടിട്ടുണ്ട്. പുരാതന അറേബ്യയിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്നതിന് 1980കളും 90കളും പുനർജനിപ്പിക്കുന്ന ഖരിയത്ത് സമാൻ, സുവൈദി പാർക്ക് എന്നീ വേദികൾ സജ്ജമാണ്. ഇവിടേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. അഞ്ചു മാസത്തിലധികം നീണ്ടുനിൽക്കുന്ന റിയാദ് സീസൺ നഗരത്തിലുടനീളം പരന്നുകിടക്കുന്ന ആഘോഷമായിരിക്കും.

സാമ്പത്തിക വിനോദമേഖലകളിൽ കുതിപ്പുണ്ടാകുന്നതിനും മതേതര കാഴ്ചപ്പാടോടെ എല്ലാവരെയും ഉൾക്കൊണ്ടുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കലും ലക്ഷ്യംവെച്ചുള്ള ആഘോഷങ്ങളിലൊന്നാണ് റിയാദ് സീസൺ. കാലാനുസൃതമായ മാറ്റങ്ങളിലേക്കും പുരോഗമനപരമായ ഭാവിയിലേക്കും നീങ്ങുക. ലക്ഷ്യംവെച്ച് സൗദി പ്രധാനമന്ത്രി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച രാജ്യത്തിന്റെ പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ഭാഗംകൂടിയാണ് റിയാദ് സീസൺ ഉത്സവം.

Tags:    
News Summary - The Riyadh Season Festival will begin on the 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.