ഏഷ്യ-പെസസഫിക് സാമ്പത്തിക ഉച്ചകോടിയിൽ സൗദി കിരീടവകാശി പങ്കെടുത്തു

റിയാദ്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നടന്ന ഏഷ്യ-പെസസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്തു. സൗദി അറേബ്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയാണ് തായ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓ-ചായുടെ ക്ഷണപ്രകാരം കിരീടാവകാശി വ്യാഴാഴ്ച തായ്‌ലൻഡിലെത്തിയത്.

അമേരിക്ക, ഇന്തോനേഷ്യ, കാനഡ, ചൈന, മലേഷ്യ, മെക്‌സിക്കോ, ന്യൂസിലാൻഡ്, റഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, ചിലി, ദക്ഷിണ കൊറിയ, ജപ്പാൻ, ഹോങ്കോങ്, തായ്‌വാൻ അടക്കമുള്ള 21 അംഗരാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഉച്ചകോടിയുടെ വേദിയിൽ രാജ്യത്തിന്റെ വിശിഷ്ട ക്ഷണിതവായി എത്തിയ മുഹമ്മദ് ബിൻ സൽമാനെ തായ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒ-ച സ്വാഗതം ചെയ്തു.

ഉച്ചകോടിയിൽ പങ്കെടുക്കുന്ന നിരവധി ലോക നേതാക്കളുമായി കിരീടാവകാശി ചർച്ചകൾ നടത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്, ബ്രൂണെ സുൽത്താൻ ഹസൻ അൽ ബോൽകിയ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഇതിനിടെ കിരീടാവകാശിയുടെ സന്ദർശനം തായ്ലൻഡിനെ സംബന്ധിച്ച് മികച്ച അവസരമാണെന്നും ഇത് സൗദി-തായ് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നുമെന്നും ബാങ്ക് ഓഫ് ബാങ്കോക്ക് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. തോലബ് റിതാബിറോം അഭിപ്രായപ്പെട്ടു. സൗദി കിരീടാവകാശിയെ സ്വീകരിക്കാൻ ലഭിച്ച അവസരം തായ്ലൻഡിനെ സംബന്ധിച്ച് മികച്ച അവസരവും അഭിമാനവുമാണെന്ന് ഡോ. റിതോബിറോം പറഞ്ഞു.

പെട്രോകെമിക്കൽസ്, ഊർജം, ബയോ സർക്കുലർ ഗ്രീൻ എക്കണോമി തുടങ്ങി നിരവധി മേഖലകളിൽ സംയുക്ത പ്രവർത്തനങ്ങൾ നടത്താൻ സൗദി, തായ് കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാകുമെന്നതിനാൽ വ്യാപാര, സാമ്പത്തിക മേഖലകളിൽ ഇത് പ്രതിഫലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയുടെ 'വിഷൻ 2030' പദ്ധതി അഭിലഷണീയവും സമയോചിതവുമാണെന്ന് ഡോ. റിതാബിറോം വിശേഷിപ്പിച്ചു.

Tags:    
News Summary - The Saudi Crown Prince attended the Asia-Pacific Economic Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.