റിയാദ്: ഭക്ഷണവിഭവങ്ങളിലെ രുചി വൈവിധ്യത്തിന്റെ അത്ഭുതലോകം തുറന്നുകാട്ടിയ സൗദി ഫുഡ് അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് സമാപനം. റിയാദ് ഇൻറര്‍നാഷനല്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെൻററില്‍ മൂന്നുദിവസം നീണ്ടുനിന്ന മേള സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് ആണ് ഉദ്ഘാടനം ചെയ്തത്.
നൂറോളം രാജ്യങ്ങളില്‍നിന്ന് ഹോസ്പിറ്റാലിറ്റി, ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 500 ഓളം കമ്പനികളാണ് മേളയിൽ സ്വന്തം സ്റ്റാളുകളുമായി പങ്കെടുത്തത്. സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഭക്ഷ്യസുരക്ഷ. വ്യവസായരംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്നവയിൽ പ്രധാനപ്പെട്ടതാണ് ഭക്ഷ്യ വ്യവസായ മേഖലയെന്ന് മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് പറഞ്ഞു.
ഭക്ഷ്യ വസ്തുക്കളടക്കം ധാരാളം വ്യാവസായിക ഉല്പന്നങ്ങള് ലഭ്യമാക്കുന്നതിലൂടെ ലോക രാജ്യങ്ങളെ പങ്കാളിയാക്കാന്‍ സൗദി അറേബ്യക്ക് സാധിക്കുന്ന വിധത്തില്‍ ശരിയായ വ്യവസായ ശക്തികളെ അറിയാനും ദേശീയാവശ്യങ്ങള്‍ തിരിച്ചറിയാനും ‘വിഷന്‍ 2030’ മികച്ച മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത് -മന്ത്രി കൂട്ടിച്ചേർത്തു.
പെപ്സി കോ, അമേരിക്കാന, അല്‍ജമീല്‍, ലാക്റ്റൈല്സ്, ഗള്‍ഫ് വെസ്റ്റ്, സിയറ ഫുഡ്, ഇഫ്ക്കോ, നാദക്, ലുലു തുടങ്ങി നൂറുകണക്കിന് അന്താരാഷ്ട്ര ബ്രാന്ഡുകളായിരുന്നു മേള നഗരിയെ സമ്പന്നമാക്കിയത്. പ്രാദേശിക കാർഷികോൽപന്നങ്ങൾക്കും ഭക്ഷ്യവിഭവങ്ങൾക്കും സൗദിയിൽ വിപണി കണ്ടെത്തി ഈ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചരിത്രമാണ് ലുലുവിനുള്ളതെന്ന് മേളയിൽ പ്രഭാഷണം നടത്തിയ ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് അഭിപ്രായപ്പെട്ടു.
ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച്, വിപണിയിൽ കാലോചിതമായ മാറ്റമാണ് ലുലു വരുത്തുന്നതെന്നും 20 ലോക രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന ലുലു, സൗദിയിലെ കർഷകരുടെ കാര്യത്തിലും അവർക്ക് ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിലും മുൻനിരയിലാണെന്നും ഷഹീം പറഞ്ഞു. 2026 ആകുന്നതോടെ, ഈ രംഗത്ത് വിദേശ വിപണിയെ പൂർണമായും ആശ്രയിക്കാതെ സൗദി ഭക്ഷ്യ മേഖലയെ ഒരു പരിധി വരെ സ്വയം പര്യാപ്തമാക്കുന്നതിനും ലുലു എല്ലാ അർഥത്തിലും പിന്തുണ നൽകും.
സഹകരണ മേഖലയിൽ കൃഷിക്കാരുടെ പുരോഗതി ഏറെ വിജയകരമാണ്. രാജ്യത്തിന്റെ പ്രതിശീർഷ വരുമാനത്തിലെ വളർച്ചയും അതാണ് സൂചിപ്പിക്കുന്നത്. സവിശേഷമായ ചില മാംസ വിഭവങ്ങളുടെ കാര്യത്തിൽ ഇപ്പോൾതന്നെ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. ലുലു ഗ്രൂപ് ഇക്കാര്യത്തിൽ പ്രാദേശിക വിപണിക്കും പ്രാദേശിക കർഷകർക്കും ഒപ്പമാണ് -ഷഹീം മുഹമ്മദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.