റിയാദ്: സൗദിയുടെ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിട്ട തീരുമാനം ഒരാഴ്ച കൂടി തുടരും. പ്രവാസികൾക്ക് ഒരാഴ്ച കൂടി സൗദിയിലേക്ക് പ്രവേശിക്കാനാകില്ല. എന്നാൽ സൗദിക്കകത്തുള്ള വിദേശികൾക്ക് ചാർട്ടേഡ് വിമാനങ്ങളിൽ പ്രോട്ടോകോൾ പാലിച്ച് നാട്ടിലേക്ക് മടങ്ങാം. ഇതോടെ വന്ദേഭാരത് സർവീസുകൾക്കും തുടങ്ങാനായേക്കും. ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അതിരുകൾ അടച്ചിട്ടത്.
കഴിഞ്ഞയാഴ്ചയാണ് അതിർത്തികൾ അടച്ചിട്ടുകൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്. ഒരാഴ്ചത്തേക്ക് അടച്ചിട്ട ആ ഉത്തരവാണ് മറ്റൊരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഇതു പ്രകാരം സൗദിയിലേക്ക് പുറമെ നിന്ന് ആർക്കും ഒരാഴ്ചത്തേക്ക് പ്രവേശിക്കാനാകില്ല. എന്നാൽ സൗദിക്കകത്തുള്ള വിദേശികൾക്ക് വേണമെങ്കിൽ നാട്ടിലേക്ക് മടങ്ങാം. ഇതിനായി ചാർട്ടേർഡ് വിമാനങ്ങൾ കർശന പ്രോട്ടോകോൾ പാലിച്ച് അനുവദിക്കും. ഒരാഴ്ചക്ക് ശേഷം സ്ഥിതി പരിശോധിച്ച് തീരുമാനം പിൻവലിക്കും.
ജനിതക മാറ്റം സംഭവിച്ച കോവിഡ് സൗദിയിൽ കണ്ടെത്തിയിട്ടില്ല. കോവിഡ് വാക്സിൻ അതിവേഗത്തിൽ നൽകുന്നുണ്ട്. ഏഴ് ലക്ഷം പേർ ഇതിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിൻ ദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കരുതലിന്റെ ഭാഗമായി ഒരാഴ്ച കൂടി അതിർത്തികളടച്ചിട്ടത്. ഇതോടെ സൗദിയിലേക്കെത്താൻ വിദേശത്ത് കുടങ്ങിയ പ്രവാസികൾ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.