ജിദ്ദ: ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം സാധ്യമാക്കാനുമുള്ള ശ്രമവുമായി അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിമാർ ലോക പര്യടനം നടത്തുന്നു.
അന്താരാഷ്ട്ര തലത്തിൽ പരിഹാര നടപടിക്ക് രൂപം നൽകാൻ അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതിയാണ് തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കുകയെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു. യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെലുയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിതല സമിതിയുടെ ആദ്യ സന്ദർശനം ചൈനയിലാണ്. ഉടൻ വെടിനിർത്തൽ ഉണ്ടാകണമെന്നും ഗസ്സയിലേക്ക് അടിയന്തര സഹായവും മാനുഷിക ആവശ്യങ്ങളും നൽകണമെന്നും വ്യക്തമായ സന്ദേശം നൽകുന്നതിനായി സമിതി പിന്നീട് നിരവധി രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ സന്ദർശിക്കും.
ഗസ്സ മുനമ്പിൽ നടക്കുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്മിറ്റി തുടരുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. യൂറോപ്യൻ യൂനിയൻ പ്രതിനിധിയുമായി വിപുലമായ ചർച്ചയാണ് നടത്തിയത്. അതിൽ ഗസ്സയിലെ സ്ഥിതിഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അടിയന്തര വെടിനിർത്തലിനുള്ള ആഹ്വാനവും ഉടൻ മാനുഷിക പ്രവേശനം നൽകേണ്ടതിന്റെ ആവശ്യകത ആവർത്തിക്കുകയും ചെയ്തു.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ പുനരാരംഭിക്കാൻ ഒരു ഘട്ടത്തിൽ ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഫലസ്തീനിൽ അടിയന്തരമായി വെടിനിർത്തൽ ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നടപടി ആരംഭിക്കാനും ഇതിനായി സമിതി രൂപവത്കരിക്കാനും കഴിഞ്ഞയാഴ്ച റിയാദിൽ നടന്ന അറബ്, ഇസ്ലാമിക് ഉച്ചകോടിയാണ് തീരുമാനിച്ചത്. സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ഖത്തർ, തുർക്കിയ, ഇന്തോനേഷ്യ, നൈജീരിയ, ഫലസ്തീൻ എന്നിവയുടെയും സമാന താൽപര്യമുള്ള മറ്റ് രാജ്യങ്ങളുടെയും മന്ത്രിമാരും അറബ് ലീഗിന്റെയും ഒ.ഐ.സിയുടെയും സെക്രട്ടറി ജനറൽമാരും ഉൾപ്പെട്ടതാണ് സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.