യാംബു: സൗദി അറേബ്യയിൽ ഈ ശൈത്യകാലത്ത് കൂടുതൽ മഴ ലഭ്യതക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. ഈ സീസണിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ 50 ശതമാനം വരെ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് കേന്ദ്രം പ്രവചിക്കുന്നത്. സൗദിയുടെ കിഴക്കൻ പ്രവിശ്യ, ഖസീം, മദീന, ഹാഇൽ, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലാണ് ഉയർന്ന തോതിൽ മഴക്ക് സാധ്യതയുള്ളത്. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ മഴയുടെ തോതും ശരാശരിയേക്കാൾ ഈ വർഷം കൂടുതലായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
വടക്കൻ പ്രദേശങ്ങളിൽ കൊടും ശൈത്യം പിടിമുറുക്കാനും സാധ്യതയുണ്ട്. മധ്യപ്രവിശ്യ (റിയാദ്), കിഴക്കൻ പ്രവിശ്യ, ഹാഇൽ പ്രവിശ്യ എന്നിവിടങ്ങളിൽ ജനുവരിയിൽ സാധാരണയേക്കാൾ 50 ശതമാനം കൂടുതൽ വരെ മഴയുണ്ടാകും. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിൽ ഫെബ്രുവരിയിലാണ് കൂടുതൽ മഴ പ്രവചിക്കുന്നത്. വടക്കൻ ഭാഗത്ത് ശീതക്കാറ്റ് ശക്തമായി വീശിയടിച്ചേക്കും. ഇത് ഈ സീസണിൽ പതിവുള്ളതിനേക്കാൾ താപനില കുറച്ചേക്കും. ശരാശരിയേക്കാൾ ഒന്നര ഡിഗ്രിയെന്ന തോതിലാവും താപനില കുറയുക.
ജനുവരിയിൽ രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലും താപനില പതിവുള്ളതിനേക്കാൾ 50 മുതൽ 70 വരെ ശതമാനം കുറയാൻ സാധ്യതയുണ്ടെന്നും രാജ്യത്തിെൻറ മിക്ക പ്രദേശങ്ങളിലും ശരാശരി താപനില സാധാരണയുണ്ടാകുന്ന തോതിനേക്കാൾ ഒന്നര ഡിഗ്രി കുറവായിരിക്കുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കി. റിയാദ്, മക്ക, മദീന, ഖസീം, ഹാഇൽ, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങൾ ഒഴികെ മറ്റിടങ്ങളിൽ ശരാശരിയേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കും.
ഫെബ്രുവരിയിൽ സൗദിയുടെ എല്ലാ പ്രദേശങ്ങളിലും താപനില 70 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.