അപകടത്തിൽ മരിച്ച ചന്ദ്രപ്രഭാത് കുമാർ

അപകടത്തിൽ ഭർത്താവ് മരിച്ചതറിയാതെ ചികിത്സയിലിരുന്ന യുവതി നാട്ടിലേക്ക് മടങ്ങി

ജുബൈൽ: അപകടത്തിൽ ഭർത്താവ് മരിച്ചത് അറിയാതെ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഭാര്യ ബിഹാർ പട്ന സ്വദേശി വൈഷ്ണവി തുടർചികിത്സക്കായി നാട്ടിലേക്ക് പോയി. ജൂലൈ 26ന് ജുബൈൽ 'താബ സെന്ററിന്' സമീപം സായാഹ്‌ന നടത്തത്തിന് ഇറങ്ങിയ ദമ്പതികളെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഭർത്താവ് തമീമി കമ്പനി ജീവനക്കാരൻ ചന്ദ്രപ്രഭാത് കുമാർ (37) സംഭവ സ്ഥലത്തുതന്നെ മരിച്ചു. വൈഷ്ണവിക്ക് (21) ഗുരുതര പരിക്കേറ്റു. അൽ-അഹ്സ്സയിലെ ആശുപത്രിയിൽ രണ്ടുമാസത്തെ വിദഗ്‌ധ ചികിത്സക്കുശേഷം യാത്രക്ക് കഴിയുമെന്നായപ്പോൾ വൈഷ്‌ണവിയെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ഭർത്താവ് മരിച്ച വിവരം വൈഷ്ണവിയെ അറിയിച്ചിട്ടില്ല.

വൈഷ്ണവി പോയതിനു പിന്നാലെ ചന്ദ്രപ്രഭാത് കുമാറിന്റെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി. പാട്ന സ്വദേശികളായ ചന്ദ്രശേഖർ പ്രസാദ്-ശാന്തി കുമാരി ദമ്പതികളുടെ മകനാണ് ചന്ദ്രപ്രഭാത് കുമാർ. അപകടത്തിന് ഒരുമാസം മുമ്പ് സന്ദർശന വിസയിൽ ജുബൈൽ എത്തിയതായിരുന്നു വൈഷ്ണവി. വ്യായാമത്തിനായി നടക്കാൻ ഇറങ്ങിയ ഇരുവരെയും കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. കാലുകൾക്ക് ഗുരുതര പരിക്കേറ്റ വൈഷ്ണവി കുമാരിയെ അൽ-അഹ്സ്സയിലെ ആശുപത്രിയിൽ പ്രവേശിച്ചു.

കാലിലെ ഞരമ്പുകൾ അറ്റുപോയതിനാൽ പ്രത്യേക ചികിത്സക്ക് വേണ്ടി അൽ-അഹ്സ്സയിലെ ആശുപത്രിയിലേക്ക് രാത്രി ഒരുമണിയോടെ മാറ്റുകയാണുണ്ടായത്. ഒന്നര ദിവസം നീണ്ട ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സക്കും ശേഷമാണ് വൈഷ്‌ണവി ജീവിതത്തിലേക്ക് മടങ്ങിയത്. രണ്ടു മാസത്തോളം അൽ-അഹ്സ്സയിലെ ആശുപത്രിയിൽ തുടർന്നു. നവോദയ പ്രവർത്തകൻ കൃഷ്ണനനാണ് വൈഷ്ണവിക്ക് സഹായങ്ങൾ എത്തിച്ചു കൊടുത്തത്.

യാത്ര ചെയ്യാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ കമ്പനി തീരുമാനിച്ചത്. അൽ-അഹ്സ്സയിൽനിന്നും ജുബൈലിലെ തമീമി ക്യാമ്പിൽ എത്തിച്ച് അവിടെ നിന്ന് ദമ്മാം വിമാനത്താവളം വഴി ലഖനോവിലേക്ക് നഴ്‌സിന്റെ സഹായത്തിൽ കൊണ്ടുപോയി. ചന്ദ്രപ്രഭാത് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണെന്ന് മാത്രമേ വൈഷ്ണവിയെ അറിയിച്ചിട്ടുള്ളൂ.

അപകടം നടന്നത് സംബന്ധിച്ച് അവർക്ക് കാര്യമായ ഓർമയില്ല. വൈഷ്‌ണവിയെ നാട്ടിലേക്ക് അയച്ചതോടെ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ചന്ദ്രപ്രഭാതിന്റെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി. പ്രവാസി വെൽഫെയർ സേവന വിഭാഗം ജുബൈൽ കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ അയക്കുന്നതിനും വൈഷ്ണവിയെ കൊണ്ടുപോകുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Tags:    
News Summary - The woman who was undergoing treatment returned home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.