റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു.
രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു. ഇന്നത്തെ സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികൾ പറഞ്ഞു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു. ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജി അറിയിക്കും.
ഏതു ദിവസം സിറ്റിങ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നൽകുമെന്നും റഹീമിന്റെ അഭിഭാഷകനും കുടുംബ പ്രതിനിധിയും പറഞ്ഞു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളിൽ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സഹായ സമിതി ഭാരവാഹികളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.