റിയാദ്: സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തിന വിഭവങ്ങളുടെ മേളക്ക് തുടക്കം. മുറബ്ബയിലെ റിയാദ് അവന്യൂ മാളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (കോൺസുലർ, പാസ്പോർട്ട്, വിസ ഡിവിഷൻ-ഓവർസീസ് ഇന്ത്യൻ അഫയേഴ്സ്) ഡോ. ഔസാഫ് സഈദ്, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒരുക്കിയ ചടങ്ങിലാണ് മേളക്ക് സമാരംഭം കുറിച്ചത്. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആഗോള തിന ഉച്ചകോടിയുടെ ഭാഗമായി ഭക്ഷ്യരംഗത്തെ പുതിയ തരംഗമായ ഈ വിഭവത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലുലുവിന്റെ സർഗാത്മക പരിപാടിയായാണ് മേള സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ നിർദേശപ്രകാരം ഐക്യരാഷ്ട്ര സഭ 2023 ‘തിന’യുടെ വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ചുവട് പിടിച്ച് ഹൈദരാബാദിലെ ഇന്ത്യൻ ചോള ഗവേഷണ സ്ഥാപനത്തിൽ സർക്കാർ ആഗോള മികവിനുള്ള ഗവേഷണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
തിന മേള ഒരുക്കിയത് ശ്ലാഘനീയമാണെന്നും പുതിയ ഭക്ഷണരീതികൾ കണ്ടെത്തുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ഒരു കവാടമാണ് ലുലുവെന്നും ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഭക്ഷ്യ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള ആഗോള അഭിപ്രായം രൂപപ്പെടുത്തുന്നതിൽ തിനക്ക് വലിയ പങ്കുവഹിക്കാനുണ്ട്. അതുകൊണ്ടാണ് 2023 തിന വർഷമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചതെന്നും ഡോ. ഔസാഫ് കൂട്ടിച്ചേർത്തു.
സൗദിയിലെ ലുലു ശാഖകളിൽ പുതിയ തിന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ തിന ഉൽപങ്ങൾ നിറഞ്ഞ ഒരു ചുവർ ഒരുക്കുകയും ചെയ്തിരുന്നു. ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. മികച്ച നിലവാരമുള്ള ഒന്നായാണ് തിന മേള ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, പാചകത്തിന്റെ പുതിയൊരു അധ്യായം പകർന്നു നൽകുന്നതുമാണ്. ഈ വർഷം മുന്നോട്ട് പോകുമ്പോൾ തിനയുമായി ബന്ധപ്പെട്ടുള്ള പുതിയ ഭക്ഷ്യ സന്ദേശത്തിന് പ്രചാരം നൽകാൻ കൂടുതൽ ആഘോഷ പരിപാടികൾക്ക് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.