റിയാദ്: മൂന്നാമത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോക ഉച്ചകോടി സെപ്റ്റംബറിൽ റിയാദിൽ നടക്കും. കിരീടാവകാശിയും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിൽ സെപ്റ്റംബർ 10 മുതൽ 12 വരെ റിയാദിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ കൺവെൻഷൻ സെന്ററിലാണ് ഉച്ചകോടി. നൂറുരാജ്യങ്ങളിൽനിന്നുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധർ ഉൾപ്പെടെ 300ലധികം പ്രഭാഷകർ പങ്കെടുക്കും.
എ.ഐ ലോകത്തെ സ്പെഷലിസ്റ്റുകളും താൽപര്യമുള്ള ആളുകളും കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള ഉച്ചകോടികളിലൊന്നായിരിക്കുമിത്. യു.എൻ സെക്രട്ടറി ജനറലിന്റെ ടെക്നോളജി പ്രതിനിധി അമൻദീപ് ഗിൽ, വിവിധ രാജ്യങ്ങളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാർ, സ്പെഷലിസ്റ്റുകൾ, ശാസ്ത്രജ്ഞർ, സിസ്റ്റം മേക്കർമാർ, ടെക്നോളജി കമ്പനികളുടെ മേധാവികൾ എന്നിവരുടെ സാന്നിധ്യത്തിന് ഉച്ചകോടി സാക്ഷ്യം വഹിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന പൊതുചട്ടക്കൂടുകളും ധാർമികത നിർദേശങ്ങളും സ്ഥാപിക്കുന്നതിനും ഭാവി തലമുറകൾക്ക് മികച്ച വർത്തമാനവും ഭാവിയും കെട്ടിപ്പടുക്കുന്നതിനും വിവിധ മേഖലകളിലെ വികസനത്തിന്റെ ചക്രം ത്വരിതപ്പെടുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സൊല്യൂഷനുകളുടെ പ്രയോജനം വിപുലീകരിക്കുന്നതിനും ഉച്ചകോടി സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി മാനേജ്മെൻറും നേതൃത്വം നൽകുന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുമായി ഈ ഉച്ചകോടി പൊരുത്തപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട അത്യാധുനിക സാങ്കേതിക വിദ്യകളുടെ ആഗോള സാങ്കേതിക കേന്ദ്രമായി രാജ്യത്തെ മാറ്റാൻ ലക്ഷ്യമിട്ടാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
പ്രാദേശികവും അന്തർദേശീയവുമായ നിരവധി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കുന്നതിനും ഡേറ്റ ടെക്നോളജിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും ലോകരാജ്യങ്ങളെ സേവിക്കുന്ന രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഉച്ചകോടി സാക്ഷ്യം വഹിക്കും.
120-ലധികം ഡയലോഗ് സെഷനുകളും വർക്ക്ഷോപ്പുകളും ഉച്ചകോടിയുമുണ്ടാകും. പ്രഭാഷകർ ഡേറ്റയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമുള്ള അന്താരാഷ്ട്ര താൽപര്യത്തിന്റെ വശങ്ങൾ അവലോകനം ചെയ്യുന്നത് ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംബന്ധിച്ച ലോക ഉച്ചകോടിയുടെ മൂന്നാം പതിപ്പ് നേരത്തേ നടന്ന രണ്ട് ഉച്ചകോടികൾ നേടിയ വിജയങ്ങളെ തുടർന്നാണിത്. 2020ലും 22ലും നടന്ന ഉച്ചകോടികൾ നല്ല ഫലങ്ങളാണ് ഉണ്ടാക്കിയത്.
അതിന്റെ ഫലങ്ങൾ രാജ്യത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര പ്രോജക്ടുകളുടെയും സംരംഭങ്ങളുടെയും സമാരംഭത്തിൽ പ്രതിഫലിച്ചു. ഇത് കൃത്രിമ ബുദ്ധിയിലും അതിന്റെ ഉപയോഗത്തിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.