ജിദ്ദ: ഉപതെരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയും രംഗത്ത്. നിയോജകമണ്ഡലത്തിലെ വാഴക്കാല, അത്താണി, പടമുകൾ, കാക്കനാട് പ്രദേശങ്ങളിൽ ഒ.ഐ.സി.സി നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുംബസദസ്സുകളിലും ബൂത്തുതല യോഗങ്ങളിലും കവലയോഗങ്ങളിലും ഒ.ഐ.സി.സി നേതാക്കളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
ഒ.ഐ.സി.സി നേതാക്കളായ സി.എം. അഹമ്മദിന്റെ നേതൃത്വത്തിലാണ് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
കോവിഡ് മൂലമുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളോട് സംസ്ഥാന സർക്കാർ സ്വീകരിച്ച വഞ്ചനാപരമായ നിലപാട് പ്രവാസി സമൂഹം മറക്കില്ലെന്നും സർക്കാറിനെതിരെയുള്ള പ്രവാസി സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പ്രചാരണ യോഗങ്ങളിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അന്തരിച്ച മുൻ എം.എൽ.എ പി.ടി. തോമസിനോടുള്ള മണ്ഡലത്തിലെ ജനങ്ങൾക്കുള്ള സ്നേഹാദരവ് ജനങ്ങളുടെ പ്രതികരണങ്ങളിൽനിന്നും ബോധ്യമായതായി സി.എം. അഹമ്മദ് പറഞ്ഞു.
വിവിധ ഭാഗങ്ങളിൽ നടന്ന പ്രചാരണയോഗങ്ങളിൽ സ്ഥാനാർഥി ഉമാ തോമസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി ഭാരവാഹികളായ വി.ടി. ബാലറാം, ജോസഫ് വാഴക്കൻ, ബി.ആർ.എം. ഷഫീർ, എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.പിമാർ, എം.എൽ.എമാർ അടക്കമുള്ള നേതാക്കൾ സംസാരിച്ചു. ഒ.ഐ.സി.സി നേതൃരംഗത്തുണ്ടായിരുന്നവരും നാട്ടിൽ രാഷ്ട്രീയ രംഗത്തുള്ള ജമാൽ നാസർ, സക്കീറലി കണ്ണേത്ത്, ഒ.ഐ.സി.സി നേതൃരംഗത്തുള്ള മുജീബ് പാക്കട, യു.എം. ഹുസൈൻ മലപ്പുറം തുടങ്ങിയവർ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.