പ്രവാസി ഒത്തൊരുമക്ക് മറ്റൊരു മഹനീയ മാതൃക; ദുരിതങ്ങൾക്കൊടുവിൽ മലപ്പുറം സ്വദേശി ഷൈജുവിന് നാടണയാൻ വഴിയൊരുങ്ങി

അബഹ: ഏറെ ദുരിതങ്ങൾ താണ്ടി അവസാനം നാട്ടിലേക്ക് മടങ്ങാൻ വഴി ഒരുങ്ങിയിരിക്കുകയാണ് ഖമീസ് മുഷൈത്തിലെ മലപ്പുറം എ.ആർ.നഗർ കൊളപ്പുറം പാറമ്മൽ സ്വദേശി ഷൈജുവിന്. ഇദ്ദേഹം റിയാദിൽ ജോലി ചെയ്തു കൊണ്ടിരിക്കെ സ്പോൺസർ വിസ ഹുറൂബ് ആക്കുകയായിരുന്നു. തുടർന്ന് നാടുകടത്തൽ കേന്ദ്രം (തർഹീൽ) വഴി നാട്ടിൽ പോകുന്നതിന് വേണ്ടിയാണ് ഇദ്ദേഹം ഖമീസ് മുഷൈത്തിൽ എത്തിയത്.

ഒരാഴ്ച മുമ്പ് കടയിൽ സാധനം വാങ്ങാൻ പോകുന്നതിനിടയിൽ സ്വദേശി പൗരന്റെ വാഹനമിടിച്ച് ഇദ്ദേഹത്തിന് അപകടം സംഭവിച്ചു. കാലിന്റെ എല്ല് പൊട്ടി ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ ഷൈജുവിന്റെ രണ്ടു കിഡ്നികളും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തുക കൂടി ചെയ്തതോടെ ഇദ്ദേഹത്തിന്റെ അവസ്ഥ ഏറെ ദുരിതത്തിലായി.

തികച്ചും നിസ്സഹായനായ ഇദ്ദേഹത്തിന്റെ അവസ്ഥ വീഡിയോ ഷൂട്ട് ചെയ്തു ടിക്ടോക്ക് താരം നാസിക്ക് അസീർ ഫുഡ് ആൻഡ് ടൂറിസം സോഷ്യൽ മീഡിയ വഴി ജനങ്ങളിൽ എത്തിച്ചു. തുടർന്ന് ഷൈജുവിന്റെ സുഹൃത്തുക്കൾ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി വെൽഫയർ ഇൻചാർജ് മുനീർ ചക്കുവള്ളി സ്വദേശി പൗരൻ യൂസഫ് അഹമ്മദ് സഈദ് ഖഹ്ത്താനിയുമായി ചേർന്ന്തൊഴിൽ മന്ത്രാലയത്തിലും, ഡീപോർട്ടേഷൻ സെന്ററിലും ബന്ധപ്പെട്ടു. തുടർന്ന് സി.സി.ഡബ്ല്യൂ.എ അംഗങ്ങളായ അഷറഫ് കുറ്റിച്ചൽ, ബിജു നായർ എന്നിവരുടെ ശ്രമഫലമായി ഇദ്ദേഹത്തിന് വിസ എക്സിറ്റ് ലഭ്യമാക്കാൻ കഴിഞ്ഞു.

വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാനും മാറ്റുമായി ആദ്യാവസാനം ഒപ്പം നിന്ന മുജീബ് കരുനാഗപ്പള്ളി, സാമ്പത്തികമായി സഹായിച്ച പ്രവാസി സുഹൃത്തുക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സ്റ്റേറ്റ് പ്രസിഡന്റ്‌ ഹനീഫ ചാലിപ്പുറം യാത്രാ രേഖകൾ കൈമാറി. വെള്ളിയാഴ്ച അബഹയിൽ നിന്നും യാത്ര തിരിക്കുന്ന ഷൈജുവിന് നാട്ടിൽ തുടർചികിത്സ നടത്തുന്നതിന് ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവും ആസ്റ്റർ മെഡിസിറ്റി ഡോക്ടർ ഫർഹാനും വേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.

Tags:    
News Summary - travel papers to Shaiju Abha Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.