ഭീകരതക്കെതിരായ യുദ്ധത്തിൽ അമേരിക്ക എന്നും കൂടെയുണ്ടാവും - ഡോണൾഡ് ട്രംപ്

റിയാദ്: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ യുദ്ധത്തിൽ അമേരിക്ക എന്നും കൂടെയുണ്ടാവുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറബ്, മുസ്​ലിം രാഷ്​ട്രനേതാക്കളുടെ ഉച്ചകോടിയിൽ  പ്രഖ്യാപിച്ചു. ഈ പിന്തുണയെ ഞങ്ങളുടെ സുഹൃത്തുക്കൾ ചോദ്യം ചെയ്യേണ്ടതില്ല. അതേസമയം, ഞങ്ങളുടെ നിശ്ചയദാർഢ്യത്തി​​െൻറ കാര്യത്തിൽ ശത്രുക്കൾ സംശയിക്കേണ്ടതില്ലെന്നും ട്രംപ് വ്യക്തമാക്കി. റിയാദിലെ കിങ് അബ്​ദുൽ അസീസ്​ കൺവെൻഷൻ സ​​െൻറിൽ നടന്ന  യു.എസ്​ - ജി.സി.സി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡൻറ്. 

സുരക്ഷിതത്വവും സ്​ഥിരതയും നിലനിർത്താനുള്ള സഹവർത്തിത്വമാണ്  അമേരിക്ക ആഗ്രഹിക്കുന്നത്. ലോകത്ത് ദൃശ്യമാവുന്ന യാഥാർഥ്യങ്ങളുടെ അടിസ്​ഥാനത്തിലാണ് ഞങ്ങൾ തീരുമാനമെടുക്കുന്നത്.  ഇരുമ്പുലക്കയായ ആശയാദർശങ്ങളല്ല ഞങ്ങളുടെ തീരുമാനത്തിന് അടിസ്​ഥാനം. ഇടുങ്ങിയ ചിന്തകളിൽനിന്നല്ല, അനുഭവങ്ങളിൽനിന്ന് പാഠം പഠിച്ചാണ് ഞങ്ങൾ മുന്നോട്ടുപോവുന്നത്.  തീവ്രവാദത്തെ പിഴുതെറിയാൻ താൽപര്യമുള്ള രാജ്യങ്ങളുടെ കുട്ടായ്മയാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ കുട്ടികൾക്ക്  പ്രതീക്ഷയുള്ള ഭാവി ഉറപ്പുവരുത്താനാവണം. ദൈവത്തിനുള്ള ആദരവാണത്.

അമേരിക്ക ഒരു സ്വതന്ത്ര പരമാധികാര രാഷ്​ട്രമാണ്.  പൗരന്മാരുടെ സുരക്ഷക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന. മറ്റുള്ളവർ എങ്ങനെ ജീവിക്കണമെന്നോ, എന്തു ചെയ്യണമെന്നോ, ആരായിത്തീരണമെന്നോ, ആരെ ആരാധിക്കണമെന്നോ ഞങ്ങൾ പറയില്ല. അതേസമയം,  ഞങ്ങൾ വാഗ്ദാനം തരുന്നത്  നമ്മുടെ എല്ലാവരുടെയും നല്ല ഭാവിക്കുവേണ്ടിയുള്ള  മൂല്യത്തിൽ അധിഷ്ഠിതമായ കൂട്ടുകെട്ടാണ്​. ഓരോ തവണയും ഭീകരവാദികൾ കൊല്ലുന്നത് നിരപരാധികളായ മനുഷ്യരെയാണ്. അതും ദൈവത്തി​​െൻറ പേരു പറഞ്ഞ്. യഥാർഥത്തിൽ വിശ്വാസികളെ അപമാനിക്കുകയാണവർ. ഒരുമിച്ച് ശക്തിയോടെ നിന്നാലേ ഈ പൈശാചികതയെ നമുക്ക് നേരിടാനാവൂ. അതിന്  ഈ ഹാളിലിരിക്കുന്നവർ ഓരോരുത്തരും അവരവരുടെ പങ്കു നിർവഹിക്കണം -ട്രംപ്​ ആഹ്വാനം ചെയ്​തു. 

ഭീകരവാദം ലോകത്ത് എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്നു. സമാധാനത്തിലേക്കുള്ള പാത ആരംഭിക്കേണ്ടത് ഈ വിശുദ്ധ മണ്ണിൽനിന്നാണ്. അമേരിക്ക നിങ്ങളുടെ കുടെ നിൽക്കാൻ തയാറെടുത്തിരിക്കുന്നു. പൊതു സുരക്ഷക്കുവേണ്ടി. പക്ഷേ, പശ്ചിമേഷ്യൻ രാജ്യങ്ങൾ ഭീകരവാദത്തെ തുരത്താൻ അമേരിക്കയുടെ ശക്തിയെ കാത്തിരിക്കേണ്ടതില്ല. അവരുടെ ഭാവി എങ്ങനെയുള്ളതായിരിക്കണമെന്ന് അവർ തന്നെ തീരുമാനിക്കണം. ഭീകരവാദത്തിനെതിരായ നീക്കം ഏതെങ്കിലും വിശ്വാസത്തിനോ മതത്തിനോ നാഗരികതക്കോ എതിരായ യുദ്ധമല്ല. ഇത് നന്മയും പൈശാചികതയും തമ്മിലുള്ള യുദ്ധമാണ്.

 തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ നമുക്കൊരുമിച്ച് നിൽക്കാനാവണം. നിരപരാധികളായ മുസ്​ലിംകളെ കൊല്ലുന്നവർക്കെതിരെ, സ്​ത്രീകളെ മർദിക്കുന്നവർക്കെതിരെ, ജൂതന്മാരെ വേട്ടയാടുന്നവർക്കെതിരെ, ക്രിസ്​ത്യാനികളുടെ തലയറുക്കുന്നവർക്കെതിരെ നമുക്ക് ഒരുമിച്ച് നിൽക്കാനാവണം. മതനേതാക്കൾ പറഞ്ഞുകൊടുക്കണം, കാടൻ വിശ്വാസമല്ല തെരഞ്ഞെടുക്കേണ്ടതെന്ന്​. ഭീകരവാദം തെരഞ്ഞെടുക്കുന്നവർ അവരുടെ ഹ്രസ്വമായ ജീവിതം നശിപ്പിക്കുകയാണ്. അവരുടെ ആത്മാവ് പുച്ഛിക്കപ്പെടുമെന്ന് വ്യക്തമാക്കിക്കൊടുക്കണം - ^ട്രംപ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Trump urges Muslim leaders to lead fight against radicalisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.