ജിദ്ദ: ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ അതിഥി രാജ്യമായി തുനീഷ്യയെ തിരഞ്ഞെടുത്തു. സൗദി സാംസ്കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിയുടെ മേൽനോട്ടത്തിൽ റിയാദ് ഫ്രണ്ടിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ എട്ടുവരെയാണ് പുസ്തകമേള.
സൗദി അറേബ്യയും തുനീഷ്യയും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യ ബന്ധങ്ങളുടെ പശ്ചാത്തലത്തിലും സാംസ്കാരിക മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും സംയുക്ത ശ്രമങ്ങളുടെയും ചട്ടക്കൂടിലാണ് തുനീഷ്യയെ പുസ്തകമേളയിലെ ഈ വർഷത്തെ അതിഥി രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.
അറബ് പുസ്തക മേളകളിൽ പ്രമുഖ സ്ഥാനം നേടിയ പ്രദർശനമാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള. സാംസ്കാരിക പരിപാടികൾ, ഡയലോഗ് പ്ലാറ്റ്ഫോമുകൾ, സംവേദനാത്മക പ്രഭാഷണങ്ങൾ എന്നിവയും മേളയുടെ പ്രത്യേകതയാണ്. അന്താരാഷ്ട്ര മേളയുടെ രണ്ടാമത്തെ സെഷനാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ സെഷനിൽ 28 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന് മേള സാക്ഷ്യം വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.