ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന റിയാദ് കിങ് ഫൈസൽ ആശുപത്രി

24 മണിക്കൂറിനുള്ളിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ

റിയാദ്: 24 മണിക്കൂറിനുള്ളിൽ രണ്ട് പെൺകുരുന്നുകൾകൾക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി റിയാദ് കിങ് ഫൈസൽ ആശുപത്രി. യു.എ.ഇ സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനും 19 മാസം പ്രായമുള്ള സ്വദേശി കുഞ്ഞിനുമാണ് ആശുപത്രി റിസർച്ച് സെൻററിന് കീഴിലുള്ള കുട്ടികളുടെ ഹൃദയ ചികിത്സ വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തിയത്. യു.എ.ഇയിലെ കുട്ടിയുടെ ശസ്ത്രക്രിയ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യനിൽ നടത്തുന്ന ഹൃദയമാറ്റമായി ചരിത്രം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ 11 മാസം പ്രായമുള്ള പെൺകുട്ടി ഗൈം ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

ഹൃദയവാൽവുകൾക്ക് ജന്മനാ തകരാറുണ്ടായിരുന്ന എട്ടുവയസുകാരിയുടെ ജീവൻ ഹൃദയത്തിലേക്ക് രക്തം കൃത്രിമമായി പമ്പിങ് നടത്തിയാണ് നിലനിർത്തിയിരുന്നത്. യു.എ.ഇ.യിൽ മരിച്ച വ്യക്തിയുടെ ഹൃദയം നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയാ സംഘം ദുബൈയിലേക്ക് പോവുകയും നടപടികൾ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ വ്യോമമാർഗം ഹൃദയം റിയാദിൽ എത്തിക്കുകയും ചെയ്തു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ദാതാവി​െൻറ കുടുംബത്തിൽനിന്ന് അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു.

സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ, ഹയാത്ത് നാഷനൽ പ്രോഗ്രാം ഫോർ ഓർഗൻ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാൻറേഷൻ, സൗദി പ്രതിരോധ മന്ത്രാലയത്തി​െൻറ എയർ മെഡിക്കൽ ഇവാക്വേഷൻ എയ്‌റോ പ്ലെയിൻ എന്നിവയുടെ സഹകരണത്തോടെയാണ് നടപടിക്രമങ്ങൾ ദ്രുതവേഗത്തിൽ പൂർത്തിയാക്കിയത്. രണ്ടാമത്തെ കുട്ടിക്ക് മക്കയിൽ മരിച്ച വ്യക്തിയുടെ ഹൃദയമാണ് സ്വീകരിച്ചത്.

സൗദി പ്രതിരോധ മന്ത്രാലയത്തി​െൻറ എയർ മെഡിക്കൽ ഇവാക്വേഷനുമായി സഹകരിച്ച് എല്ലാ ലോജിസ്​റ്റിക് വെല്ലുവിളികളെയും മെഡിക്കൽ സംഘം അതിജീവിച്ചു. നിലവിൽ രണ്ടു കുഞ്ഞുങ്ങളും നിതാന്ത നിരീക്ഷണത്തിലാണെന്നും അവസ്‌ഥയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള മധ്യപൗരസ്​ത്യ മേഖലയിലെ ഏറ്റവും ഏറ്റവും വലിയ ഹൃദയ ശസ്ത്രക്രിയ സംവിധാനമാണ് കിങ് ഫൈസൽ ആശുപത്രിയിലുള്ളത്. 1989-ൽ ഈ സംവിധാനം നിലവിൽ വന്നശേഷം ഇതുവരെ 431 ഹൃദയമാറ്റ ശാസ്ത്രക്രിയകളാണ് ഇവിടെ നടന്നത്.

Tags:    
News Summary - Two babies get heart transplants in 24 hours in Riyadh King Faisal Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.