മക്ക: അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട മലകളിലൊന്നാണ് പ്രവാചക നഗരമായ മദീനയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഉഹ്ദ് മല. ഏകദേശം എട്ട് കിലോമീറ്റർ നീളവും ചിലയിടങ്ങളില്‍ രണ്ട് കിലോമീറ്റർ വീതിയും 350 മീറ്റർ ഉയരവുമുള്ള കൂറ്റന്മലയും അതിെൻറ താഴ്വരകളും വിശ്വാസികൾക്ക് ചരിത്ര സ്മൃതികളുടെ ഉൾത്തുടിപ്പുണർത്തുന്നതാണ്.
മദീനയിലെ തീർഥാടനത്തിന് എത്തുന്നവരെല്ലാം മസ്ജിദുന്നബവിയിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ മാത്രം അകലമുള്ള ചരിത്രം ഉറങ്ങിക്കിടക്കുന്ന ഉഹ്ദ് മലയും അതിെൻറ താഴ്വരയിലെ ഉഹ്ദ് യുദ്ധത്തിലെ രക്തസാക്ഷികളുടെ ഖബറിടവും സന്ദർശിക്കുക പതിവാണ്. മദീനയിലെ ഏറ്റവും ഉയരം കൂടിയ കൂറ്റന്മലയായ ഉഹ്ദിനെ കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങൾ പ്രവാചകൻ മുഹമ്മദിെൻറ വചനകളിൽ കാണാം.
ഉഹ്ദ് മറ്റു ഗിരിനിരകളിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുന്നതുകൊണ്ടാണ് ഈ മലക്ക് ഉഹ്ദ് (ഒറ്റപ്പെട്ടത്) എന്ന പേര് വന്നത്. വിശാലമായിക്കിടക്കുന്ന ഉഹ്ദ് പർവതം ചെറുതും വലുതുമായ താഴ്വാരങ്ങളും കുന്നുകളും നിറഞ്ഞതാണ്. വ്യത്യസ്ത ഭാവത്തിലും രൂപത്തിലുമുള്ള കറുപ്പ്, ഇരുണ്ട പച്ച, ചുവപ്പ് നിറങ്ങളിൽ വിവിധ തരം ശിലകൾ ചേർന്ന ഉഹ്ദ് മല പ്രകൃതിയൊരുക്കിയ അപൂർവ കാഴ്ച തന്നെയാണ്. മലയുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇപ്പോൾ ധാരാളം ജനങ്ങള്‍ താമസിക്കുന്നുണ്ട്.
പ്രവാചക അനുചരന്മാരായ എഴുപതോളം പേർ വീരചരമം പ്രാപിച്ച ശോകമൂകമായ ഉഹ്ദ് പോരാട്ടത്തിന് മൂകസാക്ഷ്യം വഹിച്ച പ്രദേശം എന്ന നിലയിലാണ് ഇസ്ലാമിക ചരിത്രത്തിൽ ഉഹ്ദ് അറിയപ്പെടുന്നത്. ഹിജ്റ മൂന്നാം വർഷം നടന്ന ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ പോരാട്ടമായിരുന്നു ഉഹ്ദ്. ഒന്നാം പോരാട്ടമായ ബദ്റിൽ മക്കയിലെ ശത്രുക്കളെ പരാജയപ്പെടുത്തിയതിെൻറ പ്രതികാരം വീട്ടാനാണ് 3,000ത്തിലധികം വരുന്ന ഖുറൈശികൾ വിശ്വാസിക ളുടെ തട്ടകത്തിലേക്ക് പുറപ്പെട്ടത്.
ഇവരെ പ്രതിരോധിക്കാനാണ് പ്രവാചകൻ മുഹമ്മദും 700 അനുചരന്മാരും ഉഹ്ദ് മലയുടെ താഴ്വാരത്തിലെത്തിയത്. യുദ്ധം തുടങ്ങി അധികം കഴിയുന്നതിന് മുമ്പ് തന്നെ വിശ്വാസികള്‍ ശത്രുക്കളെ തുരത്തിയോടിച്ചുവെങ്കിലും പിന്നീട് വിശ്വാസികളുടെ ചെറിയൊരു അശ്രദ്ധ കാരണം ശത്രുക്കളുടെ ഒളിയാക്രമണം പ്രതിരോധിക്കാൻ കഴിയാതെ വന്ന കാരണത്താൽ ഉഹ്ദിൽ പരാജയം നേരിടേണ്ടിവന്നു. ഈ നോവുണർത്തുന്ന സ്മൃതികളാണ് ഈ രണാങ്കണം കാണാനെത്തുന്ന വിശ്വാസികളുടെ മനസ്സിലേക്ക് കടന്നുവരുന്നത്.
പ്രവാചകെൻറ പിതൃവ്യൻ ഹംസ ബിൻ അബ്ദുൽ മുത്തലിബ് ഉൾപ്പെടെ പ്രഗല്ഭരായ 70 അനുചരന്മാർ ഈ യുദ്ധത്തിൽ രക്തസാക്ഷികളായി. ഉഹ്ദിലെ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ഈ താഴ്വരയിലെ ഖബറുകളുള്ള ഇടം സന്ദർശിക്കാനും അവർക്ക് സലാം പറയാനും ധാരാളം വിശ്വാസികൾ ദിവസവും ഇവിടെ എത്തുന്നുണ്ട്. ഹംസ ബിൻ അബ്ദുൽ മുത്തലിബിെൻറ പേരിൽ പിൽക്കാലത്ത് നിർമിക്കപ്പെട്ട ഒരു പള്ളിയും ഇവിടെയുണ്ട്. ഉഹ്ദ് മലയുടെ പിൻഭാഗത്തെ ചെരിവിലുള്ള 'ഗാർ ഉഹ്ദ്'എന്ന ചെറിയൊരു ഗുഹയും സഞ്ചാരികളെ ആകർഷിക്കുന്നു. പോരാട്ടത്തിൽ പരിക്ക് പറ്റിയ പ്രവാചകനെ കിടത്തിയിരുന്നത് ഈ ഗുഹക്കടുത്തായിരുന്നുവെന്ന് ചരിത്ര രേഖകളിൽ കാണാം. ഗുഹയുടെ മുൻഭാഗം ഇന്ന് അടച്ചുകെട്ടിയിട്ടുണ്ട്. ഇതിെൻറ തൊട്ടുതാഴെയായി മസ്ജിദുൽ ഉഹ്ദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പള്ളിയുടെ ശേഷിപ്പുകൾ കമ്പിവേലികൾ കൊണ്ട് സംരക്ഷിച്ച് നിർത്തിയിരിക്കുന്നതായി കാണാം.
യുദ്ധത്തിൽ ശത്രുസൈന്യത്തിന് നേരെ അസ്ത്രവിദ്യയിൽ നിപുണരായ അനുചരന്മാർ അമ്പെയ്തിരുന്ന ചെറു കുന്നായ ജബലുറുമാത്തും സന്ദർശകർക്ക് അവാച്യമായ ചരിത്രസ്മൃതികളാണ് പകർന്നുനൽകുന്നത്. 'നമ്മെ സ്നേഹിക്കുന്ന മലയാണ് ഉഹ്ദ്, നാം ഉഹ്ദിനെയും സ്നേഹിക്കുന്നു'എന്ന മുഹമ്മദ് നബിയുടെ വാക്കുകൾ ഉഹ്ദ് മലഞ്ചെരിവുകൾ സന്ദർശിക്കുന്ന ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ ഏറെ വൈകാരികത സൃഷ്ടിക്കുന്നത് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.