ഉംറ തീർഥാടനം ഒക്​ടോബർ നാല്​ മുതൽ, ആദ്യം ആഭ്യന്തര തീർഥാടകർക്ക്​

ജിദ്ദ​: കോവിഡ്​ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനം ഒക്​ടോബർ നാല്​ മുതൽ പുനരാരംഭിക്കുമെന്ന്​ സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നാല്​ ഘട്ടമായി പുനസ്ഥാപിക്കുന്ന ഉംറയിൽ ആഭ്യന്തര തീർഥാടകർക്ക്​ മാത്രമാണ് ആദ്യം​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീർഥാടകർക്ക്​​ മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. എന്നാൽ കോവിഡ് പൂർണമായും ഇല്ലാതായെന്ന്​ സ്ഥിരീകരിച്ച ശേഷം മാത്രമാണ്​ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടനത്തിന്​ അനുമതി. ഒക്ടോബർ നാലിന്​ തുടങ്ങുന്ന ആദ്യഘട്ടത്തിൽ പ്രതിദിനം 6000 ആഭ്യന്തര തീർഥാടകരെ മസ്​ജിദുൽ ഹറാമിൽ പ്രവേശിക്കാൻ അനുവദിക്കും. ഹറമിലെ മൊത്തം ഉൾക്കൊള്ളൽ ശേഷിയുടെ 30 ശതമാനമാണ്​​ 6000 തീർഥാടകർ എന്നത്​. ഒക്ടോബർ 18ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ ഹറമിലെ ആകെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിന് അതായത്​ 15000 തീർഥാടകർക്ക് അനുമതി നൽകും. മദീന സിയാറത്തിനും രണ്ടാം ഘട്ടത്തിൽ അനുമതിയുണ്ടാവും. മസ്​ജിദുന്നബവിയിലെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിനാണ്​ അനുമതി. നവംബർ ഒന്നിന്​ തുടങ്ങുന്ന മൂന്നാം ഘട്ടത്തിൽ 100 ശതമാനത്തിനും അതായത്​ 20,000 പേർക്കും ഉംറയ്​ക്ക്​​ അനുമതി നൽകും. രണ്ടാം ഘട്ടം മുതൽ മക്ക ഹറമിൽ പ്രതിദിനം 40,000 പേരെ നമസ്​കാരത്തിനെത്താൻ അനുവദിക്കും. മൂന്നാം ഘട്ടത്തിൽ അത്​ 60,000 ആയി ഉയർത്തും. ഉംറ തീർഥാടകർക്കും ഹറമുകളിൽ നമസ്കരിക്കാനെത്തുന്നവർക്കും കർശന ആരോഗ്യ മുൻകരുതൽ നിബന്ധനകൾ ബാധകമാണ്​. ​കോവിഡ്​ ഭീഷണിയില്ലെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നായിരിക്കും വിദേശ ഉംറക്ക്​ അനുമതി നൽകുക. മൂന്നാംഘട്ടമായ നവംബർ ഒന്നു മുതൽ വിദേശത്ത്​ നിന്ന്​ കോവിഡില്ലെന്ന്​ സ്​ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ മാത്രം ഉംറയ്​ക്ക്​ അനുമതി നൽകും.​ നാലാം ഘട്ടത്തിൽ കോവിഡ്​ അപകട സാധ്യത ഇല്ലാതായി എന്ന ബന്ധപ്പെട്ട അതോറിറ്റി പ്രഖ്യാപിച്ചാൽ മസ്​ജിദുൽ ഹറാമിലും മസ്​ജിദുന്നബവിയിലും ഉൾ​കൊള്ളാൻ കഴിയുന്ന 100 ശതമാനം പേർക്ക്​ ഉംറക്കും സിയാറത്തിനും അനുമതി നൽകും. ഹജ്ജ്​ ഉംറ മന്ത്രാലയം നിശ്ചയിച്ച 'ഇഅ്​തമർനാ' എന്ന ആപ്​ വഴിയായിരിക്കും തീർഥാടകരുടെയും നമസ്​കരിക്കാനെത്തുന്നവരുടെയും സന്ദർശനകരുടെയും പ്രവേശനം നിയന്ത്രിക്കുക. മാസ്​ക്​, കൈയ്യുറ, സമൂഹ അകലപാലനം, സ്​പർശിക്കാതിരിക്കൽ തുടങ്ങിയ ആരോഗ്യ പ്രതിരോധ മുൻകരുതൽ നടപടികൾ തീർഥാടകരും നമസ്​കരിക്കാനെത്തുന്നവരും നിർബന്ധമായും പാലിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം ആവശ്യ​പ്പെട്ടു. രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവനാളുകൾക്കും ആ​രോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഉംറ കർമം നിർവഹിക്കാൻ സാധ്യമാകണമെന്നാണ്​ സൗദി ഭരണകൂടം ആഗ്രഹിക്കുന്നതെന്നും കോവിഡ്​ സ്ഥിതിഗതികൾ നിരന്തരമായി വിലയിരുത്തി അതിനനുസൃതമായ തീരുമാനങ്ങളെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.