റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുൽ ഫാറൂഖിെൻറ (34) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. തിങ്കളാഴ്ച രാത്രി 12 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ കരിപ്പൂരിലെത്തിച്ചു. റിയാദ് എക്‌സിറ്റ് അഞ്ചിലുള്ള അബ്ദുല്ല ബിൻ നാസർ അൽ മുഹൈനി മസ്ജിദിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ട് പോയത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി.
സൈതലവിയാണ് ഉമറുൽ ഫാറൂഖിെൻറ പിതാവ്. ഭാര്യ: ഹൈറുന്നിസ, മകൻ: ഫൈസാൻ, സാഹോദരങ്ങൾ: ഹമീദ് (റിയാദ്), ഹനീഫ, ഫൈസൽ ബാബു, ആയിഷ ഫിർദൗസ്, യൂസഫ്, അബ്ദുറഹ്മാൻ.
റിയാദ് ന്യൂ സനാഇയയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ ഉമറുൽ ഫാറൂഖ് ജോലി ചെയ്യുന്നതിനിടയിൽ പക്ഷാഘാതം പിടിപെട്ടാണ് ആശുപത്രിയിലായത്. റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുവാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
ആറുമാസത്തെ ചികിത്സക്കായി നാലരകോടിയോളം രൂപയാണ് ചെലവായത്. ഇതെല്ലാം സൗദി സർക്കാർ വഹിച്ചു. സൗദി ജർമൻ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് വിമൽ, ജിൽസ്, നഴ്സിങ് സൂപ്രണ്ട് ജിഷ മോൾ, ഫാർമസിസ്റ്റ് മഹേഷ് എന്നീ മലയാളി ജിവനക്കാരുടെ സേവനം തുല്യതയില്ലാത്തതായിരുന്നുവെന്ന് ഉമറുൽ ഫാറൂഖിെൻറ സഹോദരൻ ഹമീദ് അനുസ്മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ടായിരുന്നത് ഐ.സി.എഫ് റിയാദ് സെൻട്രൽ സാന്ത്വനം വിങ്ങാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.