ജിദ്ദ: 18നും 70നും ഇടയിൽ പ്രായമുള്ള ആഭ്യന്തര തീർഥാടകർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ അനുവാദമുണ്ടെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ, തീർഥാടകർ ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന കോവിഡ് മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോകോളുകളും കൃത്യമായി പാലിക്കണം. ഇഅ്തമർന ആപ്ലിക്കേഷൻ വഴി ലഭ്യമാവുന്ന ഉംറക്കുള്ള അനുമതി ഉപയോഗിച്ച് 15 ദിവസത്തിനുശേഷം വീണ്ടും ഉംറ ചെയ്യാൻ അനുമതി നൽകുന്നുണ്ട്. നേരത്തെ ലഭിച്ച അനുമതി റദ്ദായാലും വീണ്ടും അപേക്ഷിച്ചാൽ അനുമതി ലഭിക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ ഗതാഗത സേവനം തിരഞ്ഞെടുക്കൽ നിർബന്ധമില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഉംറ അപേക്ഷക്കായി ഒരേസമയം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വർധന കാരണമാണ് ബുക്കിങ് ലഭിക്കാത്തതെന്നും നിരന്തരം ശ്രമിച്ചാൽ മിനിറ്റുകൾക്കകം ബുക്കിങ് ലഭ്യമാവുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആപ്ലിക്കേഷനിലൂടെ ഉംറക്ക് അപേക്ഷിക്കുന്ന പലർക്കും റിസർവേഷൻ ലഭിക്കുന്നില്ലെന്ന പരാതിക്കുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മഹാമാരി കാരണം താൽക്കാലികമായി നിർത്തിവെച്ച ഉംറ തീർഥാടനം 2020 നവംബർ ഒന്ന് മുതലാണ് ആഭ്യന്തര തീർഥാടകർക്കായി പുനരാരംഭിച്ചത്. ഉംറ സേവനം പുനരാരംഭിച്ചതിെൻറ മൂന്നാംഘട്ടം ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവിൽ 20,000 പേർക്ക് ദിനേന ഉംറ തീർഥാടനം നടത്താനും 60,000 പേർക്ക് മക്കയിലെ മസ്ജിദുൽ ഹറാമിൽ നമസ്കാരം നിർവഹിക്കാനും അനുമതി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.