മദീന: ഖത്തറിൽ നിന്ന് മകന്റെ കൂടെ കുടുംബത്തോടൊപ്പം ഉംറ തീർഥാടനത്തിനെത്തിയ കൊല്ലം സ്വദേശി മദീനയിൽ നിര്യാതനായി. കൊല്ലം ബീച്ച് റോഡ് സലിം ഹോട്ടലിലെ കാഷ്യർ ആയിരുന്ന സലിം മൻസിലിൽ ബഷീർ അഹ്‌മദ് എന്ന സലിം (69) ആണ് ബുധനാഴ്ച രാവിലെ 11.30 ന് മരിച്ചത്.
ഖത്തറിലുള്ള മകൻ ഡോ. മുഹമ്മദ് ഹുസൈന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ സലിം കുടുംബത്തോടൊപ്പം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിലായിരുന്നു. തിങ്കളാഴ്ച മദീന മസ്ജിദുന്നബവിയിൽ നമസ്‌കരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ബന്ധുക്കളും മറ്റും ചേർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്‌സയിൽ കഴിയുന്നതിനിടയിലാണ് മരണം.
ഭാര്യ താജുന്നീസ ബീവിയും ഖത്തറിലുള്ള മകൻ ഡോ. മുഹമ്മദ് ഹുസൈനും കുടുംബവും കൂടെയുണ്ട്. മറ്റു മക്കളായ മുഹമ്മദ് സുൽഫീക്കർ (അയ് ദാൻ ഗ്ലോബൽ, കൊല്ലം), മുഹമ്മദ് നൗഫൽ ( ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ) എന്നിവർ അടുത്ത ദിവസം നാട്ടിൽ നിന്ന് മദീനയിലെത്തുമെന്നും, ശേഷം മൃതദേഹം വെള്ളിയാഴ്ച മദീനയിൽ തന്നെ ഖബറടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
സഹോദരങ്ങൾ: അഹ്ദ് കബീർ, താജ്മൽ ഹുസൈൻ, മഹ്റുന്നിസ, നൂർജഹാൻ, പരേതയായ ജമീല. മരുമക്കൾ: സിസ്‌ന സുൽഫി, തസ്‌നീം നൗഫൽ, ഫിർദൗസ് ഹുസൈൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.