റിയാദ്: ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ 1100 ഡ്രൈവർമാർ പിടിയിലായി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തോടെ കഴിഞ്ഞ മാസം ഗതാഗത അതോറിറ്റി സൂപ്പർവൈസറി സംഘം നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്. വിമാനത്താവളങ്ങളിലേക്കും തിരിച്ചും യാത്രാസൗകര്യമൊരുക്കുന്ന അനധികൃത ടാക്സികൾക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ്.
രാജ്യത്തെത്തുകയും തിരിച്ചുപോവുകയും ചെയ്യുന്ന എല്ലാ യാത്രക്കാർക്കും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഗതാഗത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടി. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലൈസൻസില്ലാതെ ഗതാഗത സേവനങ്ങൾ ഒരുക്കുന്നവരെ നിരീക്ഷിച്ചുവരുകയാണ്. ഇങ്ങനെ പിടിയിലാകുന്ന നിയമലംഘകർക്ക് 5,000 റിയാലാണ് പിഴ. മാത്രമല്ല വാഹനം കണ്ടുകെട്ടുകയും അതിനുണ്ടാകുന്ന ചെലവ് കൂടി നിയമലംഘകർ വഹിക്കേണ്ടിയും വരും.
വാഹനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുക, വ്യത്യസ്ത ഗതാഗത സൗകര്യങ്ങൾ അവതരിപ്പിക്കുക, വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ഏത് തരം ഗതാഗത സൗകര്യത്തിന്റെയും പ്രയോജനം വർധിപ്പിക്കുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. നിയമാനുസൃതം പ്രവർത്തിക്കുന്ന വിവിധ തരം ടാക്സി കമ്പനികളുടെ കൗണ്ടറുകളും സേവനവും എല്ലാ വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഇഷ്ടമുള്ള വാഹനവും ഡ്രൈവറും തിരഞ്ഞെടുത്ത്, പണം മുൻകൂർ അടച്ച് സുരക്ഷിത ബോധത്തോടെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് രാജ്യത്തേക്ക് വരുന്ന മുഴുവനാളുകൾക്കും ഇപ്പോൾ വിമാനത്താവളങ്ങളിൽ ലഭ്യമാക്കിയിരിക്കുന്നത്. വളരെ മുന്തിയയിനം വാഹനങ്ങൾ മുതൽ സാധാരണ ടാക്സി കാറുകൾ വരെ ഇവിടെ ലഭ്യമാണ്. അറൈവൽ ടെർമിനലിന് പുറത്തെത്തിയാൽ കാണുന്ന നിരവധി കമ്പനികളുടെ കൗണ്ടറുകളെ സമീപിച്ച് ഇഷ്ടമുള്ള സൗകര്യം തിരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.