സാമൂഹികപ്രവർത്തനത്തിന്റെ ഭാഗമായി ഒരു ആശുപത്രി കേസിൽ ഇടപെട്ടപ്പോഴുണ്ടായ അനുഭവമാണ്. ഒരു രോഗിയെ സഹായിക്കാൻ ചെന്നതാണ്. ഇന്ത്യൻ മാനേജ്മെൻറിലുള്ള നിർമാണ കമ്പനിയിലെ തൊഴിലാളിയാണ്. കടുത്ത പനിയും ശ്വാസംമുട്ടലും കാരണം ഒരാഴ്ചയായി കിടപ്പിലായിരുന്നു അയാൾ. അതുവരെ കാണിച്ചിരുന്ന മറ്റൊരു ക്ലിനിക്കിൽ പോയപ്പോൾ, അയാൾ ആവശ്യപ്പെട്ടിട്ടും കാര്യമായ ഒരു വിദഗ്ധ പരിശോധനയും നടത്താതെ സാദാ പനിക്കുള്ള മരുന്നുകളും കൊടുത്ത് അവർ വിടുകയായിരുന്നു.
മൂന്നു ദിവസം കഴിഞ്ഞ് അസുഖം കുറവില്ലാത്തതിനാൽ വീണ്ടും പോയി കാണിച്ച് വിശദമായി ലാബ് ടെസ്റ്റ് വേണമെന്നാവശ്യപ്പെട്ടിട്ടും അതൊന്നും നോക്കാതെ അവർ വീണ്ടും അയാളെ പറഞ്ഞയച്ചു. ഹിന്ദിയും അറബിയുമൊക്കെ സംസാരിക്കുന്ന ഡോക്ടർമാരുടെ അടുത്ത് പുതുക്കക്കാരായ മലയാളികൾ എത്തുമ്പോഴുള്ള ഭാഷാപ്രശ്നങ്ങൾ ഇവിടെ പതിവാണ്. പരസ്പരം മതിയായ ആശയവിനിമയത്തിന്റെ കുറവ് സാധാരണക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് ആശുപത്രികളിൽ പോയാൽ സംഭവിക്കാറുണ്ട്. ബഹുഭാഷാപ്രാവീണ്യം എന്നത് ജീവൽദായകമാണ് എന്നുകൂടി, സഹായികളില്ലാതെ അന്യരാജ്യക്കാരോ അന്യഭാഷക്കാരോ ആയ ഡോക്ടർമാരുടെ അടുത്ത് രോഗാവസ്ഥയിൽ എത്തിപ്പെടുന്ന പ്രവാസികൾ പഠിക്കുന്ന സന്ദർഭങ്ങളിലൊന്നാണിത്.
ഈ രോഗി വളരെ ക്ഷീണിതനും അവശനുമായിരുന്നു. അതുകൊണ്ടുതന്നെ അയാളെ വേറെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേയും ലാബ് ടെസ്റ്റുകളും നടത്തിച്ചു. നോക്കുമ്പോൾ കിട്ടിയ റിസൽട്ടിൽ നെഞ്ചിൽ നല്ല അണുബാധയുണ്ടായിരുന്നു. അവിടത്തെ ഡോക്ടർ മരുന്നുകൾ മാറ്റി കൊടുത്തു. ഇപ്പോൾ രണ്ടു ദിവസം കൊണ്ടുതന്നെ പനിയും ചുമയും വിട്ടുമാറാത്ത തലവേദനക്കും എല്ലാം ആശ്വാസമുണ്ട്. പക്ഷേ, പോസ്റ്റ് കോവിഡ് രോഗാവസ്ഥകൾ കാരണം ശ്വസനത്തിനുള്ള ബുദ്ധിമുട്ടുകളുണ്ട്. അതിന് ചെസ്റ്റ് സ്പെഷലിസ്റ്റിനെ കാണിക്കാനും തുടർചികിത്സക്കുമുള്ള മറ്റു കാര്യങ്ങളും ഉറപ്പാക്കിക്കൊടുത്തു.
ഒരു തൊഴിലാളിക്കുപോലും ഒരു അസുഖം വന്നാൽ, മതിയായ ചികിത്സയോ മറ്റു സഹായങ്ങളോ ലഭിക്കാൻ പുറത്തുനിന്നുള്ള ആളുകളുടെ ഇടപെടൽ വേണ്ടിവരുന്നു എന്നതാണ് ഈ അവസരത്തിൽ എനിക്ക് വല്ലാത്ത വിഷമമായി തോന്നിയത്. അസുഖം ബാധിച്ചാലും ആശുപത്രിയിൽ പോയി ഡോക്ടർ അവധി കുറിച്ചില്ലെങ്കിൽ, ഒരു അവധിക്ക് രണ്ടു ദിവസത്തെ വേതനമാണ് ശമ്പളത്തിൽനിന്നു കുറക്കുക. പിന്നെ പലപ്പോഴും രോഗിയുടെ അത്യാവശ്യത്തിന് ചിലപ്പോൾ വാഹന സൗകര്യം കമ്പനിയിൽനിന്നു ലഭിച്ചില്ലെങ്കിൽ, സ്വന്തം കൈയിൽനിന്നു വണ്ടിക്കൂലികൂടി അധികം ചെലവാക്കണം.
ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിലും കുറഞ്ഞ പോളിസികൾക്ക് എല്ലാ ആശുപത്രികളിലും എല്ലാ ചികിത്സയും ലഭിക്കില്ല. അധികം വരുന്ന ചികിത്സക്കും മരുന്നുകൾക്കും പരിശോധനകൾക്കും വേറെ അധിക തുക അടക്കേണ്ടിവരും. കുറഞ്ഞ ശമ്പളക്കാരായ സാധാരണക്കാരും പാവപ്പെട്ടവരുമായ തൊഴിലാളികളാണ് ഇത്തരം അവസരങ്ങളിൽ കഷ്ടപ്പെടുന്നത്.
ഈ ബുദ്ധിമുട്ടുകൾ കാരണം തന്നെ പലരും തീരെ അവശതയിൽ ആകുന്നതുവരെയും ആശുപത്രികളിൽ പോകാൻ മടിക്കും. ചെറിയ കാലംകൊണ്ടുതന്നെ ഗുരുതര രോഗങ്ങൾക്ക് കീഴ്പ്പെട്ട് അകാല മരണം സംഭവിക്കും.
മലയാളികൾ ഭയങ്കര കാരുണ്യം, സഹജീവി സ്നേഹമൊക്കെയുണ്ടെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്നവരാണെങ്കിലും പലപ്പോഴും നമ്മൾക്ക് തൊട്ടടുത്തുള്ളവരുടെ കാര്യംപോലും അറിയാനോ സഹായിക്കാനോ സഹകരിക്കാനോ കഴിയാത്ത നിസ്സഹായത നമുക്കിടയിലുണ്ട് എന്നതാണ് ഇത്തരം നിരവധി സന്ദർഭങ്ങളിൽ മനസ്സിലായത്. അതിൽ ഞാനും നിങ്ങളും ഒരുപോലെ കുറ്റക്കാരാണ് എന്നതും സമ്മതിക്കാതെ വയ്യ.
ലോകം മുഴുവനും ഇന്ന് ഈ കാണുന്ന അവസ്ഥയിലെത്തിയത് മനുഷ്യരുടെ സാമൂഹികമായ ഇടപെടലുകളിലൂടെയാണ്. അല്ലാതെ ഏതെങ്കിലും ഒരാൾ ഒറ്റക്ക് നിന്നുകൊണ്ട് ഉണ്ടാക്കിയെടുത്തതല്ല ഇന്നത്തെ നമ്മുടെ ജീവിതസൗകര്യങ്ങളും സാഹചര്യങ്ങളും എന്ന് നാമോരോരുത്തരും സ്വയം തിരിച്ചറിയുക.
തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും പൊതുഇടങ്ങളിലും നമ്മൾ കുറച്ചുകൂടി സാമൂഹികവും സൗഹാർദപരവുമായ ഇടപെടലുകൾ നടത്തുകയും അതിലൂടെ നാം സ്വയം നവീകരിക്കപ്പെടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.