റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്കാലം കഴിഞ്ഞതോടെ സമസ്ത മേഖലകളും വീണ്ടും സജീവമായി. രണ്ട് മാസത്തോളം നീണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധിയാണ് അവസാനിച്ചത്. ഈ കാലത്ത് രാജ്യത്തുള്ള സ്വദേശികളും വിദേശികളും അധികവും പ്രത്യേകിച്ച് കുടുംബങ്ങൾ പൊതുവേ ഒരു അവധി അവസ്ഥയിലേക്ക് മാറുകയാണ് പതിവ്.
പ്രവാസികൾ നാടുകളിലേക്ക് മടങ്ങും. അല്ലെങ്കിൽ വിനോദയാത്രകളിലാവും. സ്വദേശികളും അവധിയാഘോഷങ്ങളിലായിരിക്കും. മിക്കവരും രാജ്യമോ അവരവർ തങ്ങുന്ന മേഖലകളോ വിട്ടുപോകും.
ഇനി വിദ്യാർഥികൾ ഇല്ലാത്ത സ്വദേശി കുടുംബങ്ങളും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ കടുത്ത വേനൽ ചൂടിൽനിന്ന് രക്ഷ തേടി രാജ്യത്തിനുള്ളിലെ അബഹ പോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ യാത്രപോകും. എന്നാൽ, അവധി അവസാനിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതോടെയും ശരത്കാലത്തിന്റെ സുഖകരമായ കാലാവസ്ഥയുമായി സെപ്റ്റംബർ എത്തുന്നതോടെയും എല്ലാം വീണ്ടും പഴയപടിയാവും.
ഇത്തവണയും പതിവുപോലെ കുട്ടികളും രക്ഷിതാക്കളും യാത്രകൾ പോയവരും മടങ്ങിയെത്തിയതോടെ തലസ്ഥാന നഗരമായ റിയാദ് ഉൾപ്പെടെ അവധിക്കാലത്തിന്റെ ആലസ്യം വിട്ടുണർന്ന് വീണ്ടും സജീവമായി. നഗരവീഥികളും തെരുവുകളും തിരക്കിലുണർന്നുകഴിഞ്ഞു.
കുടുംബങ്ങൾ കൂട്ടത്തോടെ മടങ്ങിയെത്തിയതിനാൽ ആഗസ്റ്റ് അവസാന വാരം മുതൽ സ്കൂൾ ആവശ്യത്തിനായുള്ള യൂനിഫോം, സ്റ്റേഷനറി ഉപകരണങ്ങൾ, ഭക്ഷണ വസ്തുക്കൾ തുടങ്ങിയവയുടെ വിപണികളിൽ കച്ചവടം പൊടിപൊടിച്ചു. സെപ്റ്റംബർ ആദ്യവാരം ശമ്പളം വന്ന് തുടങ്ങിയതോടെ തിരക്ക് വർധിച്ചു. കഴിഞ്ഞയാഴ്ച മുതൽ റസ്റ്റാറന്റുകളിലും കഫേകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
റിയാദ് നഗരത്തിലെ പ്രധാന ഹൈവേകളും ചെറു റോഡുകളും സ്കൂൾ സമയത്ത് കനത്ത തിരക്കിലമർന്നുകഴിഞ്ഞിരിക്കുകയാണ്. വാഹനങ്ങൾ ഉറുമ്പരിക്കുന്നത് പോലെയാണ് നീങ്ങുന്നത്. സീസൺ സമയത്ത് കേരളത്തിൽനിന്നുള്ള വിമാനടിക്കറ്റ് നിരക്കിൽ കടുത്ത വർധനയുള്ളതിനാൽ പലരും സീസൺ അവസാനിക്കുന്ന സെപ്റ്റംബർ രണ്ടാം വാരത്തിലേക്ക് യാത്ര നീട്ടിവെച്ചിട്ടുണ്ട്.
35,000 രൂപയിൽ അധികമാണ് ഒരാൾക്ക് വൺവേ ടിക്കറ്റിന് ഈടാക്കുന്ന ചാർജ്. കുടുംബം ഒന്നിച്ചു വരുമ്പോൾ ഭാരിച്ച തുകയാണ് യാത്ര ചെലവായി വരുന്നത്.
മുൻകൂട്ടി അറിയുന്നതാണെങ്കിലും നീണ്ട രണ്ട് മാസക്കാലത്തെ അവധിക്കാലം ചെറുകിട, വൻകിട വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം പ്രതിസന്ധിയിലായിരുന്നു. എന്നാൽ, അവധി കഴിഞ്ഞതോടെ ആ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. പബ്ലിക് പാർക്കുകളിലും വിനോദ മേഖലകളിലും തുടർന്നുള്ള വാരാന്ത്യങ്ങളിൽ ആൾത്തിരക്കേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.