ജിദ്ദ: സൗദിയിൽ വിദേശ തൊഴിലാളികളുടെ ആശ്രിതരായി കഴിയുന്നവരുടെ താമസാനുമതി രേഖയായ ഇഖാമയും മൂന്നുമാസത്തേക്ക് പുതുക്കാം. ലെവിയും മറ്റ് ഫീസുകളും മൂന്നു മാസ തവണകളായി അടക്കാൻ അനുമതിയായി. സൗദി പാസ്പോർട്ട് ഡയറക്ടറേറ്റാണ് (ജവാസത്ത്) ഇക്കാര്യം അറിയിച്ചത്. വിദേശ തൊഴിലാളികളുടെ ലെവിയും സമാന രീതിയിൽ അടയ്ക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. രാജ്യത്തെ സ്വകാര്യ മേഖല ജീവനക്കാരുടെ ഇഖാമ ഒരു വർഷത്തേക്കാണ് സാധാരണഗതിയിൽ പുതുക്കാറുള്ളത്. ഇതിനുള്ള ഇഖാമ ഫീസും ലെവിയും അടക്കം 10,000ത്തിലേറെ റിയാൽ (രണ്ടു ലക്ഷത്തോളം രൂപ) ഒന്നിച്ചടക്കണം. ഇതാണിപ്പോൾ മൂന്ന്, ആറ്, ഒമ്പത് മാസ തവണകളായോ ഒരു വർഷത്തേക്ക് ഒരുമിച്ചോ ലെവിയും മറ്റ് ഫീസുകളും അടച്ച് പുതുക്കാനുള്ള സൗകര്യമാക്കി പുനഃക്രമീകരിച്ചത്.
വിദേശ തൊഴിലാളികളുടെ സ്പോൺസർഷിപ്പിൽ ആശ്രിത വിസയിൽ കഴിയുന്ന കുടുംബങ്ങളുടെ ഇഖാമയും ഇതേപോലെ പുതുക്കാനുള്ള അനുമതിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. വർക്ക് പെർമിറ്റ്, ഇഖാമ ഫീസ്, തൊഴിൽ മന്ത്രാലയ ഫീസ് എന്നിവയെല്ലാം മൂന്ന് മാസത്തേക്ക് അടക്കാമെന്ന് ജവാസത്ത് വിഭാഗം ആവർത്തിച്ച് പ്രഖ്യാപിച്ചു. പാസ്പോർട്ട് വിഭാഗത്തിെൻറ പോർട്ടലുകളായ 'അബ്ഷീറോ' 'മുഖീമോ' ഇതിനായി ഉപയോഗപ്പെടുത്താം. ബാങ്കുകളുമായി സഹകരിച്ച് ഇതിനുള്ള സൗകര്യം ഒരുക്കിയതായും ജവാസത്ത് വിഭാഗം അറിയിച്ചു. ഭാര്യ, മക്കള്‍, മാതാവ്, പിതാവ്, ഭാര്യയുടെ മാതാപിതാക്കള്‍, ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങി വിദേശ തൊഴിലാളിയുടെ സ്പോണ്സര്ഷിപ്പില് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും ആശ്രിതരായാണ് പരിഗണിക്കുക. നിലവില്‍ സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളിക്ക് മാസം 800 റിയാൽ (15833 രൂപ) വീതമാണ് ലെവി തുക. ആശ്രിതരില്‍ ഒരാള്‍ക്ക് പ്രതിമാസം 400 റിയാല്‍ (7,917 രൂപ) തോതിലാണ് ലെവി. സൗദിയിൽ തൊഴിൽ ചെയ്യുന്ന വിദേശിക്കും അവരുടെ ആശ്രിതർക്കും തൊഴിൽ മന്ത്രാലയം നിശ്ചയിച്ച പ്രതിമാസ ഫീസാണ് ലെവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.