ജിദ്ദ: മരുഭൂമി എന്നു കേൾക്കുേമ്പാൾ അവിടെ അരുവിയോ വെള്ളച്ചാട്ടമോ ഒന്നുമുണ്ടാവില്ല, വെറും മണൽക്കാടാണ് എന്ന ധാരണ വാദി അൽഹറാറിൽ എത്തിയാൽ തെറ്റും. അരുവിയും വെള്ളച്ചാട്ടവും മലയും താഴ്വരയുമായി അവിടെനിന്ന് കിട്ടുന്ന ഉള്ളുകുളിർപ്പിക്കുന്ന കാഴ്ചാനുഭവങ്ങൾ. ജിദ്ദയിൽനിന്ന് 120 കിലോമീറ്റർ അകലെയാണ് ഇൗ സ്ഥലം. മക്കയിൽനിന്ന് താഇഫിലേക്കുള്ള റൂട്ടിലാണ് മലഞ്ചെരിവിൽ അടിപൊളി വെള്ളച്ചാട്ടവും കൊച്ചരുവികളുമുള്ള വാദി അൽഹറാർ. മക്ക- താഇഫ് റോഡിൽ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റി കഴിഞ്ഞാൽ ഉടനുള്ള ആബിദ എന്ന സ്ഥലത്തുനിന്ന് വലത്തേക്കു തിരിഞ്ഞാണ് ഇൗ സ്ഥലത്തേക്ക് പോകേണ്ടത്. മക്കയിൽനിന്ന് പുറപ്പെട്ട് 20 കിലോമീറ്റർ എത്തുേമ്പാഴാണ് ഇൗ തിരിവ്. അതിലൂടെ തിരിഞ്ഞ് മുന്നോട്ടുപോകുേമ്പാൾ അഞ്ചു കിലോമീറ്റർ പിന്നിട്ടാൽ ഇടതുഭാഗത്തേക്ക് കുറെ വഴികൾ കാണാം. വാഹനങ്ങൾ പോയ അടയാളങ്ങൾ കാണാം. ടാർ റോഡല്ല. വഴി അൽപം ദുർഘടമാണ്. അതിലൂടെ അഞ്ചു കിലോമീറ്റർകൂടി സഞ്ചരിച്ചാൽ മനോഹരമായ വാദി ഹറാർ എന്ന താഴ്വരയിലെത്തും. വഴിയിലിരുവശത്തുമായി ആടുകളും ഒട്ടകങ്ങളും മേഞ്ഞുനടക്കുന്ന മനോഹരമായ കാഴ്ചകളുമുണ്ട്. നിരവധി സ്വദേശികളും വിദേശികളും കുടുംബസഹിതവും അല്ലാതെയും ഭക്ഷണം പാകം ചെയ്ത് കഴിച്ചും ആസ്വദിച്ച് ഇരിക്കുന്നതായി കണ്ണിൽപ്പെടും.
വഴി അവസാനിക്കുന്നിടത്ത് ആകാശം തൊടുന്ന വലിയ പാറക്കുന്നുകളുടെ ചുവട്ടിൽ വിശാലമായ മൈതാനം പോലെ സ്ഥലമുണ്ട്. അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാം. അതുകഴിഞ്ഞ് മല നടന്നുകയറണം. വലിയ പാറകളും കുന്നുകളുമാണ്. അതിനിടയിലെ ഇടുങ്ങിയ വഴികളിലൂടെ അപകടം മുന്നിൽകണ്ട് അൽപം സാഹസികമായ നടന്നുകയറ്റമാണ് വേണ്ടത്. കുറച്ച് കഷ്ടപ്പെട്ട് നടന്നുകയറിയാൽ മുകളിലെത്താം. പാറകൾക്കിടയിലൂടെയും മരങ്ങൾക്കും കുറ്റിക്കാടുകൾക്കും ഇടയിലൂടെയും മുക്കാൽ മണിക്കൂറോളാം അങ്ങനെ നടക്കണം, മുകളിലെത്താൻ. കുട്ടികൾക്കും സ്ത്രീകൾക്കും മറ്റും അത്രയെളുപ്പമല്ല ഇൗ കയറ്റം. യുവാക്കളിൽ തന്നെ ആരോഗ്യമുള്ളവർക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും മാത്രമേ ഇൗ യാത്ര വഴങ്ങൂ. പാറയിൽ പിടിച്ച് കയറുമ്പോൾ ഒന്ന് കാലോ കൈയോ തെറ്റിയാൽ വലിയ അപകടത്തിലേക്ക് പതിക്കും. പക്ഷേ, അത്രയും കഷ്ടപ്പെട്ട് കയറുന്നത് വെറുതെയാവില്ല അവിടെ എത്തിയാൽ. അത്രയും മനോഹരമാണ് അവിടെ. വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകൾ. നല്ല ഉറവ പൊട്ടി താഴേക്കു പതിക്കുന്ന കൊച്ചു വെള്ളച്ചാട്ടവും വെള്ളക്കെട്ടുകളും യാത്രികരെ സ്വാഗതംചെയ്യും. മലകയറുന്നതിനിടയിൽതന്നെ വഴിയിൽ പലയിടങ്ങളിലും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം. മുകളിലെത്തിയാൽ നല്ല തണുപ്പോടെയുള്ള വലിയ വെള്ളച്ചാട്ടമാണ് കാണാനുള്ളത്. പാറക്കു മുകളിൽനിന്ന് താഴേക്ക് ഒഴുകുന്ന അതിമനോഹരമായ വെള്ളച്ചാട്ടം.
ആ വെള്ളത്തിലെ കുളി സ്വർഗീയസുഖമാണ് സമ്മാനിക്കുന്നത്. ധാരാളം ചെറുപ്പക്കാർ വാരാന്ത്യ അവധി ദിവസങ്ങളിൽ ഇവിടെ എത്തുന്നുണ്ട്. മലയുടെ മുകളിൽനിന്നുള്ള തിരിച്ചിറക്കവും വളരെ സൂക്ഷിച്ചാണ് ചെയ്യേണ്ടത്. അൽപം സാഹസികമാണെങ്കിലും ഈ വെള്ളച്ചാട്ടം കാണാൻ നിരവധിപേരാണ് ഇപ്പോൾ ഇങ്ങോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ധാരാളം വിദേശികളും സ്വദേശികളും മരുഭൂമിയിലെ ഈ വെള്ളച്ചാട്ടം കാണാൻ ഒഴുകിയെത്തുന്നുണ്ട്. അറബികൾക്ക് നേരത്തേതന്നെ ഇൗ സ്ഥലം അറിയാമായിരുന്നു. മലയാളികളൊക്കെ ഇപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞുതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.