ജിദ്ദ: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ മതിൽകെട്ടി സംരക്ഷിക്കൽ ജിദ്ദയിലും നടപ്പിലാക്കുന്നു. ഇതിനുള്ള നടപടികൾ മുനിസിപ്പാലിറ്റിക്ക് കീഴിൽ ആരംഭിച്ചു. പ്രധാന റോഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളാണ് മതിൽകെട്ടി സംരക്ഷിക്കുക. 2022 ജൂലൈ ഒന്ന് മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കും. നിയമപരമായ പിഴ നടപടികൾ ഒഴിവാകാൻ നിശ്ചിത സമയത്തിനു മുമ്പ് സ്ഥലങ്ങൾക്ക് ചുറ്റും മതിൽ കെട്ടാൻ ഉടമകളോട് ആവശ്യപ്പെട്ടതായും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ കിങ് അബ്ദുൽ അസീസ് റോഡ്, അന്തലുസ്- പ്രിൻസ് മാജിദ് റോഡ് , പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ്, കിങ് ഫഹദ് റോഡ്, കിങ് അബ്ദുല്ല റോഡ്, മദീന റോഡ്, പ്രിൻസ് സുൽത്താൻ റോഡ്, അൽസലാം റോഡ്, സാരി റോഡ്, ഫലസ്തീൻ റോഡ്, ഹിറ റോഡ് എന്നീ ഭാഗങ്ങളിലാണ് തീരുമാനം നടപ്പിലാക്കുക.
അടുത്തിടെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ മതിൽ കെട്ടി സംരക്ഷിക്കാൻ ഉടമകളോട് ആവശ്യപ്പെടാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചത്. റിയാദ്, ജിദ്ദ, മക്ക, മദീന, ദമ്മാം എന്നി നഗരങ്ങളിലെല്ലാം ഇത് നടപ്പിലാക്കും. പട്ടണ സൗന്ദര്യവൽകരണത്തിന്റെ ഭാഗമായാണ് തീരുമാനം. ഘട്ടം ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.