റിയാദ്: സൗദി അറേബ്യയിൽ നിക്ഷേപ ലൈസൻസ് നേടാതെ വിദേശികൾ നടത്തുന്ന വാണിജ്യ പ്രവർത്തനങ്ങളും സംരംഭക പങ്കാളിത്തവും ബിനാമി ഇടപാടായി കണക്കാക്കുമെന്ന് മുന്നറിയിപ്പ്. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അധികൃതർ പുറത്തിറക്കിയ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിനാമിയിടപാടുകളും നിയമം ലംഘിച്ച് തൊഴിലാളികളെ ജോലിക്കു വെക്കലും തമ്മിലുള്ള വ്യത്യാസവും അധികൃതർ വിശദീകരിച്ചു.
പ്രതിമാസ പ്രതിഫലം നിശ്ചയിച്ച് സൗദി പൗരൻ വിദേശി പൗരന് വാണിജ്യ സ്ഥാപനം നടത്താൻ നൽകുക, നിക്ഷേപ ലൈസൻസില്ലാതെ വിദേശികൾ ഏതെങ്കിലും വാണിജ്യ പ്രവർത്തനത്തിൽ പങ്കാളിയായി പ്രവർത്തിക്കുക, ബ്രോക്കറേജ് അല്ലെങ്കിൽ മധ്യസ്ഥതപോലെ സൗദി പൗരന്റെ പേരിൽ വിദേശി ഏതെങ്കിലും വാണിജ്യ പ്രവർത്തനത്തിലേർപ്പെടുക, ഗാർഹിക തൊഴിലാളികളെപ്പോലുള്ള വ്യക്തിഗത സ്പോൺസർഷിപ്പിലുള്ള വിദേശികളെ ഏതെങ്കിലും വാണിജ്യ പ്രവർത്തനം നടത്താൻ അനുവദിക്കുക എന്നിവ ബിനാമി ഇടപാടുകളായാണ് കണക്കാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
സൗദി പൗരന്റെ പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്യുകയും വിദേശിയായ ആൾ അതു നടത്തുകയും അതിന്റെ ലാഭം നേടുകയും ചെയ്യുന്നതാണ് ബിനാമി ഇടപാട്. അതുപോലെ സൗദി പൗരൻ താൻ ചെയ്യേണ്ട ജോലി പ്രതിമാസ പ്രതിഫലം കൈപ്പറ്റി വിദേശി തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നതാണ് അനധികൃതമായി ജോലിക്ക് വെക്കൽ. ബിനാമി ഇടപാടും നിയമലംഘകരും സ്പോൺസർഷിപ്പ് ഇല്ലാത്തവരുമായ തൊഴിലാളികളെ ജോലിക്ക് വെക്കലും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും അധികൃതർ വ്യക്തമാക്കി.
ബിനാമി ഇടപാടുകൾ ഗുരുതരമായ കുറ്റകരമാണ്. സൗദി പൗരന് ഭരണകൂടം അനുവദിച്ചിരിക്കുന്ന അവകാശം നിഷേധിക്കലാണത്. വിദേശ നിക്ഷേപ ലൈസൻസ് ലഭിക്കാതെ, നിയമം മൂലം നിരോധിച്ചിട്ടുള്ള ഏതെങ്കിലും വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൗദി പൗരനല്ലാത്ത ഒരു പൗരനെ പ്രാപ്തനാക്കുന്നതാണ് ബിനാമി ഇടപാടെന്നും പ്രോഗ്രാം നിർവചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.