ഒരു മെഴുകുതിരി ഇരുവശത്തും ഒരേസമയം കത്തിച്ചാൽ എന്തു സംഭവിക്കും? അതുപോലെതന്നെയാണ് ദീർഘകാലം മാനസിക സമ്മർദം (സ്ട്രെസ്) അനുഭവിക്കുന്ന ഒരു മനുഷ്യെൻറ അവസ്ഥ. ശാരീരികമായും വൈകാരികമായും മാനസികമായും തളർന്ന് ഇരുതല കത്തിച്ച മെഴുകുതിരിപോലെ ഉരുകി ഇല്ലാതെയാവുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുന്നു മാനസിക സമ്മർദം.
സമ്മർദത്തിെൻറ ലക്ഷണങ്ങൾ
നാമെല്ലാവരും വ്യത്യസ്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെങ്കിലും, സാധാരണയായി കാണുന്ന ലക്ഷണങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു: ഉറങ്ങുന്നതിൽ ബുദ്ധിമുട്ട്, ശരീരഭാരം കൂടൽ അല്ലെങ്കിൽ കുറയൽ, വയറുവേദന, ക്ഷോഭം, ഹൃദയാഘാതം, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ വിഷമം, കൈകാലുകൾ വിയർക്കൽ, അമിതമായ ഉറക്കം, സാമൂഹികമായ ഒറ്റപ്പെടൽ, ക്ഷീണം, അസാധാരണമായ പെരുമാറ്റം.
സ്ട്രെസ് മാനേജ്മെൻറ്
മാനസിക സമ്മർദത്തിന് ആസ്പദമായ കാരണങ്ങളെ, വിശകലനം ചെയ്യുന്നതിലൂടെയും അവയുടെ പാർശ്വഫലങ്ങൾ കുറക്കുന്നതിന് അനുയോജ്യമായ നടപടികൾ കൈക്കൊള്ളുന്നതിലൂടെയും ജീവിതത്തിലെ സമ്മർദങ്ങളെ കൂടുതൽ ഫലപ്രദമായി കൈകാര്യംചെയ്യാൻ ആളുകളെ സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ള സാങ്കേതികവിദ്യകളുടെയും പ്രോഗ്രാമുകളുടെയും വിനിയോഗമാണ് സ്ട്രെസ് മാനേജ്െമൻറ് കൊണ്ടുദ്ദേശിക്കുന്നത്. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്.
1. സമ്മർദം എങ്ങനെയാണ് അനുഭവപ്പെടുന്നത് എന്ന് ആദ്യം മനസ്സിലാക്കണം. അതിലൂടെ, അതത് വ്യക്തികൾക്കുതന്നെ മികച്ച രീതിയിൽ അതിനെ കൈകാര്യം ചെയ്യാൻ കഴിയും.
2. മാനസികമായി സമ്മർദത്തിലാകാനുള്ള കാരണങ്ങൾ എന്താണ് എന്നറിയണം. ഇത് ജോലി, കുടുംബം, ചുറ്റുപാടുമുള്ള മാറ്റം, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളിൽ ഏതാണെന്നും തിരിച്ചറിയണം.
3. സമ്മർദം ഒാരോരുത്തരിലും വ്യത്യസ്തമായിരിക്കും. ആയതിനാൽ വ്യക്തിഗത സമ്മർദ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. സഹിഷ്ണുത കുറയുക, തലവേദന, വയറുവേദന അല്ലെങ്കിൽ മുകളിൽ പറഞ്ഞപോലുള്ള സമ്മർദത്തിെൻറ ലക്ഷണങ്ങൾ, ഇതിലേതാണെന്നു തിരിച്ചറിയണം.
4. മനസ്സ് ശാന്തമാക്കുന്നതിനുള്ള അതത് വ്യക്തികളുടെ തന്ത്രമെന്താണ്? ഇവ വർഷങ്ങളായി പഠിച്ച സ്വഭാവങ്ങളാകാം, അല്ലെങ്കിൽ മറ്റേതെങ്കിലും പുതിയ തന്ത്രങ്ങളാവാം. ഏതായാലും അതേതാണെന്നു തിരിച്ചറിയണം. ഇത് ചിലപ്പോൾ ആരോഗ്യകരമായ ഓപ്ഷനുകൾ ആയിരിക്കണമെന്നില്ല. ഉദാഹരണത്തിന്, ചില ആളുകൾ മദ്യപാനം അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ മാനസിക സമ്മർദത്തെ നേരിടുന്നു.
മാനസിക സമ്മർദങ്ങളെ നേരിടാനുള്ള വഴികൾ
1. ഉത്കണ്ഠ സ്വന്തം തെറ്റല്ലെന്ന് മനസ്സിലാക്കണം
2. 'ഉപബോധമനസ്സിനെ' മനസ്സിലാക്കണം
3. പോസിറ്റിവായി കാര്യങ്ങളെ കാണണം
4. സ്വയം സ്നേഹിക്കാൻ പഠിക്കണം
5. സ്വയം പരിപാലിക്കാൻ ആരംഭിക്കണം
6. ആവശ്യമുള്ളപ്പോൾ പിന്തുണ ആവശ്യപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.