റിയാദ്: 1967ലെ അതിർത്തികളുമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് പശ്ചിമേഷ്യയിലെ സംഘർഷത്തിന് ന്യായമായ പരിഹാരം ഉറപ്പാക്കും വിധം ഗസ്സയിൽ സ്ഥിരതക്കും ശാശ്വത സമാധാനത്തിനും വഴിയൊരുക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണത്താൽ സിവിലിയന്മാരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നതും ഉപരോധം ഏർപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല. അത്തരം നീക്കങ്ങൾക്ക് സൗദി അറേബ്യ എന്നും എതിരാണ്.
കൂടാതെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും സിവിലിയന്മാർക്കെതിരായ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെയും ഫലസ്തീൻ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. റിയാദിൽ ജി.സി.സി-ആസിയാൻ ഉച്ചകോടിയിൽ ഉദ്ഘാടന പ്രസംഗത്തിലാണ് സൗദി അറേബ്യയുടെ ഉറച്ച നിലപാട് കിരീടാവകാശി വ്യക്തമാക്കിയത്.
‘‘ഞങ്ങൾ ഈ സമ്മേളനത്തിൽ ഒരുമിച്ചിരിക്കുമ്പോൾ, ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വർധിച്ചുവരുന്ന അക്രമങ്ങൾക്കിരയാകുന്ന സാധാരണക്കാരായ ജനങ്ങളെ ഓർത്ത് അത്യന്തം ഹൃദയവേദന അനുഭവിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരപരാധികളായ സാധാരണക്കാർക്കു നേരെയാണ് ഗസ്സയിൽ ക്രൂരമായ ആക്രമണം നടക്കുന്നത്. സിവിലിയന്മാരെ ഏതെങ്കിലും വിധത്തിൽ, ഏതെങ്കിലും കാരണത്താൽ ലക്ഷ്യംവെക്കുന്നത് കർശനമായി തള്ളിക്കളയുന്നതാണ് സൗദിയുടെ നയം.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുംവിധം അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്ന സൈനിക നടപടികൾ എത്രയും വേഗം നിർത്തണം. എല്ലാവർക്കും സുരക്ഷിതത്വവും സമൃദ്ധിയും കൈവരുത്തുന്ന വിധത്തിൽ 1967ലെ അതിർത്തികൾക്കനുസൃതമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ന്യായമായ പരിഹാരമുണ്ടാകണം. ശാശ്വത സമാധാനം കൈവരിക്കുന്നതിന് സ്ഥിരത വീണ്ടെടുക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും കിരീടാവകാശി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.