സൗദി പങ്കാളിത്തത്തോടെ ലോക അറബിക് ഭാഷാദിന പരിപാടികൾക്ക് പാരിസിൽ തുടക്കം

റിയാദ്: സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് ഫൗണ്ടേഷന്റെ പിന്തുണയോടെ യുനൈറ്റഡ് നേഷൻസ് എജുക്കേഷനൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) സംഘടിപ്പിക്കുന്ന അറബിക് ഭാഷാദിന പരിപാടികൾക്ക് പാരിസിൽ തുടക്കമായി. യുനെസ്‌കോ ആസ്ഥാനത്ത് 'മനുഷ്യ സംസ്‌കാരത്തിനും സംസ്‌കാരത്തിനും അറബി ഭാഷയുടെ സംഭാവന' എന്ന പ്രമേയത്തിലാണ് പരിപാടികൾ നടക്കുന്നത്. യുനെസ്കോയുടെയും റിയാദ് ആസ്ഥാനമായുള്ള സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഫൗണ്ടേഷന്റെയും സ്ഥിരം പ്രതിനിധികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഉദ്ഘാടന ചടങ്ങിൽ ഫ്രാൻസിലെ സൗദി അംബാസഡർ ഫഹദ് ബിൻ മയൂഫ് അൽ റുവൈലി, യുനെസ്‌കോയുടെ സോഷ്യൽ ആൻഡ് ഹ്യൂമൻ സയൻസസ് അസി. ഡയറക്ടർ ജനറൽ ഗബ്രിയേല റാമോസ്, യുനെസ്കോയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അമീറ ഹൈഫ ബിൻത് അബ്ദുൽ അസീസ് അൽ മുഖ് രിൻ എന്നിവർ പങ്കെടുത്തു.

മനുഷ്യ സംസ്‌കാരത്തിനും ധാർമിക മൂല്യങ്ങൾക്കും അറബി ഭാഷ നൽകിയ സംഭാവനകൾ ലോകം ഉറ്റുനോക്കുകയാണെന്ന് ഗബ്രിയേല റാമോസ് പറഞ്ഞു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 45 കോടിയിലധികം ജനങ്ങൾ സംസാരിക്കുന്ന ഒരു ഭാഷയുടെ ശക്തിയാണ് ഈ ആഘോഷം ഉയർത്തിക്കാട്ടുന്നതെന്ന് അവർ പറഞ്ഞു.

അറബി പഠിക്കാനും പഠിപ്പിക്കാനും പ്രത്യേക കോളജുകളും സർവകലാശാലകളും ഇൻസ്റ്റിറ്റ്യൂട്ടുകളും സ്ഥാപിക്കുന്നത് ഉൾപ്പെടെ പ്രാദേശികമായും ആഗോളതലത്തിലും അറബി ഭാഷയെ സേവിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങൾ അമീറ ഹൈഫ ചടങ്ങിൽ വിശദീകരിച്ചു.

അറബി ഭാഷ സേവനത്തിനും വിവർത്തനത്തിനുമുള്ള കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ഇന്റർനാഷനൽ അവാർഡ്, അറബി ഭാഷ സേവനത്തിനുള്ള കിങ് ഫൈസൽ ഇന്റർനാഷനൽ അവാർഡ് എന്നിങ്ങനെയുള്ളവ ഇതിന്റെ ഉദാഹരണങ്ങളാണ്. അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിൽ സൗദി സ്ഥാപനങ്ങളുടെ പങ്ക് കൂടാതെ അറബി ഭാഷ പ്രചരിപ്പിക്കുന്നതിനായി എക്സിബിഷനുകൾ, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയും നടത്തുന്ന കാര്യം അമീറ ഹൈഫ ചൂണ്ടിക്കാട്ടി. അറബി ഭാഷാനുഭവവും മറ്റ് ഭാഷകളുമായുള്ള ആശയവിനിമയവും വിളംബരം ചെയ്യുന്ന 'സാംസ്കാരിക വൈവിധ്യം' എന്ന സെഷൻ ഉൾപ്പെടെയുള്ളവക്ക് ചടങ്ങ് സാക്ഷ്യം വഹിച്ചു.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ആധുനിക ആശയവിനിമയ മാർഗങ്ങളുടെയും വെളിച്ചത്തിൽ പൊതുവായ മാനുഷിക മൂല്യങ്ങൾ എങ്ങനെ സംരക്ഷിക്കണമെന്നതും ചടങ്ങിൽ ചർച്ചയായി. അറബി ഭാഷയെ പിന്തുണക്കുന്നതിനുള്ള യുനെസ്‌കോയുടെയും അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഫൗണ്ടേഷന്റെയും ശ്രമങ്ങളെയും ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു.

സംസ്‌കൃതമായ ആശയവിനിമയം, അറബ് സംസ്‌കാരത്തിന്റെ ആഗോള വ്യാപനം, യുനെസ്‌കോയിലെ അതിന്റെ സാന്നിധ്യം എന്നിവക്കും അറബി ഭാഷ പഠിക്കാൻ താൽപര്യമുള്ളവരുടെ വലയം വിപുലീകരിക്കുന്നതിനും ഇത്തരം ശ്രമങ്ങൾ സഹായിച്ച കാര്യം ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

അതിനിടെ, കിങ് സൽമാൻ ഗ്ലോബൽ സെന്റർ ഫോർ അറബിക് ലാംഗ്വേജിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ആഗോള അറബി ഭാഷ ദിനാഘോഷത്തിന് ഞായറാഴ്ച റിയാദിൽ തുടക്കമായി. ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ സംഘടിപ്പിച്ച പരിപാടിയിൽ തിങ്കളാഴ്ച വൈകുന്നേരം നാല് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - World Arabic Language Day programs started in Paris with Saudi participation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.