യാംബു: ലോകകപ്പിനെ വരവേൽക്കാനൊരുങ്ങി ഖത്തറിലെ ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം നടത്തിയ എയർഷോയിൽ വിസ്മയമായി സൗദി ഫാൽക്കൺസ് ടീം. ഖത്തർ അമീരി വ്യോമസേനയും സുഹൃദ് സഖ്യസേനകളും സംയുക്തമായി നടത്തിയ പ്രകടനത്തിലാണ് സൗദി വ്യോമസേന എയ്റോബാറ്റിക് ടീമായ സൗദി ഫാൽക്കൺ ദോഹയുടെ മാനത്ത് പ്രകടനം നടത്തിയത്.
ദോഹ കോർണിഷിലും വെസ്റ്റ് ബെയിലുമായി നിരവധി സ്റ്റേഡിയങ്ങളുടെ മുകളിൽകൂടിയും അഭ്യാസ പ്രകടനം കടന്നുപോയി. ഒന്നിച്ചുപറന്ന് മാനത്ത് വർണരാജികൾ വിരിയിച്ച് വിമാനങ്ങൾ നടത്തിയ അഭ്യാസ പ്രകടനം കാണാൻ ദോഹ കോർണിഷിൽ നിരവധി പേർ എത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത അൽ-ബൈത്ത് സ്റ്റേഡിയത്തിനരികിലൂടെയും വിമാനങ്ങളുടെ മനോഹര കാഴ്ച ദൃശ്യമായിരുന്നു. സൗദി ഫാൽക്കൺസ് ടീം തങ്ങളുടെ മികവുറ്റ കഴിവ് പ്രദർശിപ്പിച്ചു. ഖത്തർ അമീരി വ്യോമസേന, അൽ-സഈം മുഹമ്മദ് ബിൻ അബ്ദുല്ല അൽ-അത്തിയ കോളജ്, ബ്രിട്ടീഷ് എയർഫോഴ്സ് എയറോബാറ്റിക് ടീം (റെഡ് ആരോസ്) എന്നിവയുടെ സഹകരണത്തോടെയാണ് എയർ ഷോ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.