ജിദ്ദ: ഈ വർഷത്തെ ഹജ്ജ് നടത്തിപ്പ് വിജയകരമായി പൂർത്തിയാക്കിയതിൽ സൗദി അറേബ്യക്ക് പ്രശംസാ പ്രവാഹം. അന്താരാഷ്ട്ര സംഘടനകളും പണ്ഡിത സഭകളും പ്രമുഖരും മന്ത്രിമാരും ഗവർണർമാരുമാണ് തീർഥാടനകാലത്തിന്റെ വിജയകരമായ പരിസമാപ്തിയിൽ സൽമാൻ രാജാവിനെയും കിരീടകാവശി അമീർ മുഹമ്മദ് ബിൻ സൽമാനെയും പ്രശംസിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകി ഹജ്ജ് വിജയകരമാക്കിയ സൗദി ഭരണകൂടത്തെ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം ത്വാഹ അനുമോദിച്ചു. ഇരുഹറമുകൾക്കും തീർഥാടകർക്കുമുള്ള സേവനങ്ങൾക്ക് സൽമാൻ രാജാവും കിരീടാവകാശിയും നൽകിവരുന്ന ശ്രദ്ധയും പ്രധാന്യവും അഭിനന്ദനാർഹമാണ്. ഹജ്ജ് സീസണിൽ ആത്മാർഥതയോടെയും ഉദാരതയോടെയും സൗദി അറേബ്യ നടത്തികൊണ്ടിരിക്കുന്ന സേവനങ്ങൾ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ മുഴുവൻ ബാധിച്ച കോവിഡ് മഹാമാരിക്ക് ശേഷം തീർഥാടകരുടെ എണ്ണം 10 ലക്ഷമായി വർധിപ്പിക്കുകയും ഹജ്ജ് വിജയകരമാകുകയും ചെയ്തതിൽ അഭിനന്ദനവുമായി അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അബ്ദുറഹ്മാനും രംഗത്തെത്തി. തീർഥാടകരെ സേവിക്കുന്നതിന് ആവശ്യമായ സുരക്ഷയും ആരോഗ്യ സംവിധാനങ്ങളും പ്രതിരോധ, മുൻകരുതൽ നടപടികളും സുരക്ഷാ മാർഗങ്ങളും ഒരുക്കുന്നതിൽ സൗദി ഭരണകൂടം നടത്തിയ മഹത്തായ ശ്രമങ്ങൾ ഏറെ വിലമതിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‍ലിം വേൾഡ് ലീഗും സൗദി അറേബ്യയെ അഭിനന്ദിച്ചു. കോവിഡ് അപകടസാധ്യതകളും അതിന്റെ പ്രത്യാഘാതങ്ങളും നേരിട്ട് തീർഥാടകരുടെ ആരോഗ്യം സംരക്ഷിച്ചതിനെ ലീഗ് പ്രശംസിച്ചു. മഹത്തായ വിജയമാണിതെന്ന് മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ്സ പ്രസ്താവനയിൽ പറഞ്ഞു. സൽമാൻ രാജാവിന്റെ ഭരണകൂടം തീർഥാടകർക്ക് നൽകിവരുന്ന സേവനങ്ങൾ ലോകത്തെ മുഫ്തിമാരുടെയും പണ്ഡിതന്മാരുടെയും ശ്രദ്ധപിടിച്ചുപറ്റിയതായും അദ്ദേഹം വ്യക്തമാക്കി.
സൗദി പണ്ഡിത സഭ, ഈജിപ്തിലെ ശൈഖുൽ അസ്ഹർ ഡോ. അഹ്മദ് അൽത്വയിബ്, സൗദി അറ്റോർണി ജനറലും പണ്ഡിതസഭാംഗവുമായ ശൈഖ് സഊദ് ബിൻ അബ്ദുല്ല അൽമുഅ്ജബ്, വിവിധ മന്ത്രിമാർ തുടങ്ങിയവരും സൽമാൻ രാജാവിനെയും കിരീടാവകാശിയേയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.